കൊച്ചി : തങ്ങളുടെ അഭിമാനമായ ഫുട്ബാൾ കൊമ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രഖ്യാപനവുമായി കൊച്ചിയെ മഞ്ഞക്കടലാക്കി ഒത്തുചേർന്ന ആരാധകരെ ആവേശത്തിലാറാടിച്ച് പുതിയ സീസൺ ഐ.എസ്.എല്ലിൽ പുതിയ നായകനും പുതിയ പരിശീലകനും കീഴിലിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ കിടിലൻ വിജയം.
സ്വന്തം ആരാധകർക്ക് മുന്നിൽ കളി തുടങ്ങി അഞ്ചാം മിനിട്ടിൽ ഗോൾ വഴങ്ങേണ്ടിവന്നിട്ടും വിട്ടുകൊടുക്കാതെ പൊരുതി ആദ്യ പകുതിയിൽത്തന്നെ രണ്ടുഗോളുകൾ തിരിച്ചടിച്ചാണ് മഞ്ഞപ്പട വെന്നിക്കൊടി പാറിച്ചത്. നവനായകൻ ഒഗുബച്ചെയാണ് ബ്ളാസ്റ്റേഴ്സിനായി രണ്ട് ഗോളുകളും നേടിയത്.
നൈജീരിയൻ സ്ട്രൈക്കർ ഒഗുബച്ചെയുടെ നേതൃത്വത്തിൽ ഹോളി ചരൺ നർസാറി സിഡോഞ്ച, പ്രശാന്ത്, ജീക്ക്സൺ, ഗനിംഗ്, ജെസെൽ, ജയ്റൂ റോഡ്രിഗസ്, ജിയാന്നി, റാക്കിപ്പ് , ഗോളി ബിലാൽ എന്നിവരാണ് ബ്ളാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയത്. ഇന്ത്യൻ താരം പ്രീതം കോട്ടാലാണ് എ ടി.കെയെ നയിച്ചത്. ജയേഷ് റാണെ, പ്രണോയ് ഹൽദർ, മൈക്കേൽ സൂസൈരാജ്, ഡേവിഡ് വില്യംസ് തുടങ്ങിയവർ എ.ടി.കെ നിരയിലുണ്ടായിരുന്നു.
യംഗ്സെൻസേഷൻ ഡഹൽ അബ്ദുൽ സമദിന് ആദ്യ ഇലവനിൽ ബ്ളാസ്റ്റേഴ്സ് അവസരം നൽകിയില്ല. കിക്കോഫിന് മുന്നേ ആരവങ്ങളിൽ ആറാടിത്തുടങ്ങിയ കൊച്ചി സ്റ്റേഡിയത്തിൽ നിറഞ്ഞിരുന്ന മഞ്ഞക്കടലിന്റെ തിരയടിനിലച്ചുപോകുംവിധമാണ് അഞ്ചാം മിനിട്ടിൽത്തന്നെ ആദ്യഗോൾ പിറന്നത്. തുടക്കത്തിലെ ആക്രമിക്കാനൊരുങ്ങിയ ബ്ളാസ്റ്റേഴ്സിന്റെ നെറുകയ്ക്ക് ഏറ്റ പ്രഹരം പോലെയായിരുന്നു കളിയുടെ ഒഴുക്കിനെതിരെ വീണ കാൾ മക്ഹ്യൂവിന്റെ ഗോൾ. ഒരു ഫ്രീകിക്കിൽ നിന്ന് ഗാർഷ്യ ഇനി ഗ്വുയേസ് നൽകിയ പാസ് ഫസ്റ്റ് ടൈം വോളി ഷോട്ടിലൂടെ മക് ഹ്യൂ ഗോളിയുടെ കൈയ്ക്ക് മുകളിലൂടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. സ്കോർ 1-0.
ഇൗ ആഘാതത്തിൽ നിന്ന് വേഗം കരകയറാനും അതിന് നായകൻ ഒഗുബച്ചെ തന്നെ മുൻകൈ എടുത്തതുമാണ് ബ്ളാസ്റ്റേഴ്സ് ആരാധകരെ ആശ്വാസം കൊള്ളിച്ചത്. ഗോൾ വഴങ്ങിയതുമുതൽ ബ്ളാസ്റ്റേഴ്സ് ആക്രമണം പുനരാരംഭിച്ചു.പലപ്പോഴും തലനാരിഴയ്ക്ക് ഗോൾ നഷ്ടമായി. 10-ാം മിനിട്ടിലെ കോർണർ കിക്കിൽനിന്നുള്ള ജെയ്റുവിന്റെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പറന്നത്. 11-ാം മിനിട്ടിൽ ജയേഷ് റാണെയും 19-ാം മിനിട്ടിൽ ജയ്റുവും മഞ്ഞക്കാർഡുകൾ കണ്ടു. 24-ാം മിനിട്ടിൽ കാർണെയ്റോയുടെ കിടിലനൊരു ആക്രമണവും നിർഭാഗ്യത്തിന് നിഷ്ഫലമായി.
27-ാം മിനിട്ടിൽ ഒരു കോർണർ കക്കിനിടയിലെ കൂട്ടപ്പൊരിച്ചിൽ മറ്റൊരു കോർണർ കിക്കിനാണ് വഴിതുറന്നത്. ഇതിനിടെ പ്രണോയ് ഹാൽദർ ജയ്റുവിന്റെ ജഴ്സിയിൽ വലിച്ചിട്ടതിന് റഫറി പെനാൽറ്റിയും വിധിച്ചു. കിക്കെടുത്ത ഒഗുബച്ചെ പ്രയാസങ്ങളൊന്നും കൂടാതെ തകർപ്പനൊരു ഗ്രൗണ്ട് ഷോട്ടിലൂടെ സമനില ഗോൾ സ്വന്തമാക്കി.സ്കോർ 1-1.
ഇൗ ഗോൾ വീണതോടെ ബ്ളാസ്റ്റേഴ്സ് ആത്മവിശ്വാസം തിരിച്ചുപിടിച്ചു. പിന്നീടുള്ള അവരുടെ നീക്കങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് എ.ടി.കെയുടെ വലയിൽ രണ്ടാം ഗോളും വീണത്.പ്രശാന്തിന്റെ ഒരു ക്രോസ് ക്ളിയർ ചെയ്യാൻ പ്രണോയ് ഹാൽദർക്ക് പിഴച്ചപ്പോൾ പന്തെത്തിയത് ബോക്സിനുള്ളിൽ സിഡോഞ്ചയുടെ കാലുകളിലേക്ക്. അവിടെനിന്ന് കിട്ടിയ പന്ത് ഒഗുബച്ചെ തകർപ്പനൊരു ഫിനിഷിലൂടെ വലയിലാക്കി. സ്കോർ 2-1.
83-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് ജീക്ക്സണിന് പകരം സഹൽ അബ്ദുസമദ് കളത്തിലിറക്കി.
ഇന്നത്തെ മത്സരം
ബംഗളുരു Vs നോർത്ത് ഇൗസ്റ്റ്
രാത്രി 7.30 മുതൽ