നിമിത്തങ്ങളെല്ലാം ശരിയായി കൊണ്ടിരിക്കുന്നു. ഒരു കുബേരനാകാനുള്ള വഴിയെക്കുറിച്ചു ഫെഡറിക് വീണ്ടും ആർത്തിയോടെ ചിന്തിച്ചുകൊണ്ടിരുന്നു. ചിറകടിച്ചു പറന്നു പൊങ്ങിയ സ്വപ്നങ്ങൾ അലയടിച്ചെത്തിയ തിരമാലകളുമായി കലമ്പിച്ചു തുടങ്ങിയിരിക്കുന്നു.
കടലിലേക്ക് വീഴാൻ എന്ന പോലെ നിൽക്കുന്ന സിമന്റ് ബഞ്ചിൽ അയാൾ ഇളകിയിരുന്നു. തുളച്ചു കയറുന്ന തണുപ്പിൽ നിന്നും രക്ഷ നേടാൻ തന്റെ കമ്പിളിക്കുപ്പായം ദേഹത്തോട് വലിച്ചടുപ്പിച്ചു. നഗരത്തിന്റെ തെക്കുഭാഗത്തുള്ള പർവത ശിഖരങ്ങളിൽ ഒന്നിലാണയാളുടെ പഴകിയ വീട്. മുത്തച്ഛനെപ്പറ്റിയും അദ്ദേഹത്തിന്റെ വീരകഥകളെപ്പറ്റിയും അച്ഛൻ വാതോരാതെ പറയുന്നത് കേട്ടാണ് അയാൾ വളർന്നത്. കൂട്ടത്തിൽ കാണാതായ മുത്തച്ഛന്റെ ഡയറിയെപ്പറ്റിയും അതിലുള്ള നിധി കുംഭത്തെപ്പറ്റിയുള്ള അടയാളങ്ങളെപ്പറ്റിയും!
അതിനായി എത്രയോ കാലങ്ങളായി അലഞ്ഞു തിരിഞ്ഞു ശ്രമിച്ചു, കാത്തിരുന്നു. പഴയ സാധനങ്ങൾ കൂട്ടിയിട്ടിരുന്ന ആറ്റിക്കിലെ ഒരു ഇടുക്കിൽ നിന്നുമാണ് അയാൾക്ക് പൊടിപിടിച്ചു പഴകിയ ആ ഡയറി കിട്ടിയത്.
അച്ഛന് ഡയറി കണ്ടെടുക്കാൻ പറ്റിയില്ല. അച്ഛന് കണ്ടെടുക്കാൻ പറ്റാത്തതു മകന് കഴിഞ്ഞിരിക്കുന്നു! അത് തന്റെ നിയോഗം എന്ന് ഫെഡറിക്ക് ദൃഢമായി വിശ്വസിച്ചു.
ജീവിതത്തിന്റെ ചിട്ടകളൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. നിധി കണ്ടെത്തിയിട്ടുവേണം ഒക്കെ തിരികെ കണ്ടെത്താൻ.
അയാൾ അഭിമാനത്തോടെ അതിന്റെ പേജുകൾ മറിച്ചു നോക്കിക്കൊണ്ടിരുന്നു. 28 ജൂലൈ 1914 മുതൽ 11 നവംബർ 1918 വരെ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വീരനാവികനായിരുന്നു മുത്തച്ഛൻ ജെഫേഴ്സൺ. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഡയറിക്കുറിപ്പുകൾ എല്ലാം മനഃപാഠമായിരിക്കുന്നു. അതിലുള്ളതിൽ പലതും മനസിലാക്കാൻ പറ്റുന്നില്ലെന്നു മാത്രം. വലിയ കപ്പിത്താനായ മുത്തച്ഛന്റെ കഥകളും, അടയാളങ്ങളും, ഭൂപടങ്ങളും വെറുതെയാവില്ലല്ലോ?
അതോ ഒക്കെ വെറുതെയാണോ? തോന്നലുകൾ മാത്രമാണോ?
ദൂരെനിന്നും കരയിലേക്ക് പറന്നടുക്കുന്ന സീഗളുകൾ. അവയുടെ കലപില ശബ്ദങ്ങളിൽ ശ്രദ്ധിച്ച് അയാൾ കുറച്ചു സമയം ഇരുന്നു. നേരം ഇരുട്ടിത്തുടങ്ങി. നരയിറങ്ങിയ താടിരോമങ്ങൾ മെല്ലെ തലോടിക്കൊണ്ട് അയാൾ വീണ്ടും ആ പഴയ ഡയറി തുറന്നു. വരകൾക്കും പോറലുകൾക്കും ഇടയിൽ മാഞ്ഞു തുടങ്ങിയ അക്ഷരങ്ങൾ. അതിൽനിന്നും, തനിക്കും നിധി കുംഭത്തിനുമിടയിൽ മൂന്നടയാളങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു.
അടയാളം ഒന്ന്: ''നാച്വറൽ ബ്രിഡ്ജ്. അതൊരുനാൾ തകർന്നു വീഴും. പിക്കാക്സ് വീണ്ടെടുക്കുക. അതിൽനിന്നും രണ്ടു കിട്ടും.""
എന്താണീ രണ്ട്? ചിലപ്പോൾ അടുത്ത അടയാളമാവും. നാച്വറൽ ബ്രിഡ്ജ്; കാലിഫോർണിയയിലെ സാന്താ ക്രൂസിൽ എത്തുന്ന സഞ്ചാരികൾ പ്രകൃത്യാ ഉള്ള ഈ പാലം കാണാതെ പോവുകയില്ല. തിരമാലകളോട് കൂട്ടുകൂടിയതിന്റെ ബാക്കി പത്രം. പിന്നീടുള്ള കുറേക്കാലം ഫെഡറിക്ക് ആ പാലത്തിനു ചുറ്റുവട്ടം ആയിരുന്നു.
ഒടുവിൽ അത് തകർന്നു വീണു. ഓരോ ഇഞ്ചും തിരഞ്ഞതിനൊടുവിൽ അയാൾക്കതു കിട്ടി. മുത്തച്ഛന്റെ ഡയറിയിലെ പിക്കാക്സ് ! വർഷങ്ങളുടെ പഴക്കത്തിൽ ഒക്കെ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു; എങ്കിലും നല്ല ബലമുണ്ട്!
കുറേദിവസത്തെ ശ്രമങ്ങൾക്കൊടുവിൽ അയാൾ ഒരു കണ്ടുപിടുത്തത്തിനുടമയായി. പിക്കാക്സിന്റെ ചൊടുവിൽ ഒരു രഹസ്യ അറ. ഒരിക്കലും കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിലുള്ള നിർമ്മാണം. ഏറെ പണിപ്പെട്ടാണ് അയാളത് തുറന്നത്. ഉള്ളിൽ ഒരു സ്വർണത്തകിട്. അതിൽ വീണ്ടും വരകളും കുറികളും പിന്നെ കുറെ വാക്കുകളും.
അടയാളം രണ്ട്: 'സ്.സ്. പാലോ ആൾട്ടോ. ഒരു വലിയ തിരമാല അതിനെ തകർക്കും. ഇറുകിപ്പോയ എന്റെ രഹസ്യ അറയിൽ ഞാൻ മറച്ചു വച്ചു.""
പിന്നെ കുറേക്കാലത്തേക്ക് സ്.സ്. പാലോ ആൾട്ടോയുടെ ചുറ്റുമായിരുന്നു ഫെഡറിക്കിന്റെ ജീവിതം.
സീ ക്ലിഫ് ബീച്ചിൽ പോകുമ്പോഴൊക്കെ കാണാറുള്ള കപ്പലാണ്. എന്നിട്ടും അതിന്റെ പേരോ, ചരിത്രമോ അറിയാത്തതിൽ ഫെഡെറിക്കിന് ജാള്യത തോന്നി. ഗൂഗിൾ അയാളെ സഹായിച്ചു. സ്.സ്. പാലോ ആൾട്ടോ; കോൺക്രീറ്റ് കൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ ഉണ്ടാക്കിയ പടക്കപ്പൽ. പാലോ ആൾട്ടോ എന്ന സ്ഥലത്തുവച്ചാണ് അതുണ്ടാക്കിയത്. ഒരിക്കലും യുദ്ധത്തിനായി അതുപയോഗിക്കാൻ പറ്റിയില്ല. യുദ്ധത്തിനൊടുവിൽ ഹോട്ടൽ ബിസിനസിനായി ആപ്!*!ടോസിലെ പ്രസിദ്ധമായ സീ ക്ലിഫ് ബീച്ചിൽ ഉറപ്പിച്ചു. 1930 ലാണ് കപ്പലിനെ കരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലം ഉണ്ടാക്കിയത്. കാൽനവേദ എന്ന കമ്പനിയാണ് കപ്പലിനുള്ളിൽ 54 അടിയുള്ള ചൂട് വെള്ളം നിറഞ്ഞ നീന്തൽകുളവും ഒരു കാസിനോയും പിന്നെ ഒരു ഡാൻസ് ഫ്ളോറും ഉണ്ടാക്കിയത്. പക്ഷേ, രണ്ടു വർഷത്തിനുള്ളിൽ അത് പൂട്ടേണ്ടിവന്നു. മഞ്ഞുകാലത്തെ അതിശക്തമായ കടൽത്തിരകൾ ആയിരുന്നു ഒരു കാരണം. അതേ കാലത്തുണ്ടായ ഗ്രേറ്റ് ഡിപ്രെഷൻ മറ്റൊരു കാരണമായി.
സ്റ്റേറ്റ് ഒഫ് കാലിഫോർണിയ പിന്നീട് കപ്പൽ വാങ്ങി. അങ്ങനെ അതൊരു പ്രശസ്തമായ ചൂണ്ടയിടൽ കേന്ദ്രമായി! കാലക്രമത്തിൽ കപ്പലിലെ കോൺക്രീറ്റും, കമ്പികളും ദ്രവിച്ചു തുടങ്ങി. അങ്ങനെ 1950 ൽ സ്റ്റേറ്റ് അതിലേക്കുള്ള പ്രവേശനം നിരോധിച്ചു. വീണ്ടും 1980 ൽ അത് തുറന്നെങ്കിലും തിരകളും മറ്റു കാരണങ്ങളും കൊണ്ട് അത് വീണ്ടും അടക്കേണ്ടി വന്നു. ഇന്നത് കടൽപക്ഷികളുടെയും, മറ്റു ജീവികളുടെയും ആവാസകേന്ദ്രമാണ്. കടലിനെയും തിരമാലകളേയും ഏറെ പേടിയുള്ള ഫെഡറിക്ക് പലതവണ കപ്പലിന്റെ ചുറ്റും ഇറങ്ങിയിരിക്കുന്നു. ഓരോ തവണയും ആരും കാണാതെ കപ്പലിന്റെ ഉള്ളിലേക്ക് ഇറങ്ങാൻ നോക്കിയിട്ടുണ്ട്. എങ്കിലും ഭയം അയാളെ അതിനു അനുവദിച്ചിട്ടില്ല.
അടയാളത്തിലെ പ്രവചനം പോലെ കപ്പൽ തകരാനുള്ള തിരമാലക്കായി അയാൾ കാത്തിരുന്നു.
മാർച്ച് 11, 2011; റിച്ചർ സ്കെയിലിൽ 9.0 രേഖപ്പെടുത്തി ജപ്പാനിൽ ഭൂകമ്പം; തുടർക്കഥപോലെ സുനാമിയും. അയ്യായിരം മൈലുകൾക്കിക്കരെ ഫെഡെറിക്കിന് അതൊരു പ്രതീക്ഷ നൽകുന്ന വാർത്തയായിരുന്നു. കപ്പലിന് കേടുപാടുകൾ ഉണ്ടായി. പക്ഷേ പ്രതീക്ഷിച്ചതുപോലെ ഒന്നും നടന്നില്ല.
വീണ്ടും വീണ്ടും വായിച്ചും പഠിച്ചും മുത്തച്ഛന്റെ രഹസ്യ എഴുത്തുകൾ ഫെഡറിക്കിന് മനസിലായിത്തുടങ്ങി. ഗൂഢമായ ഒരു പുഞ്ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു. സ്വർണത്തകിടിൽ വീണ്ടും മിഴിനട്ടു അയാൾ തിരമാലകൾക്കായി കാത്തിരുന്നു. ഒരു പക്ഷേ മുത്തച് ഛനുപോലും കയറാൻ പറ്റാത്ത വിധം മുറിയുടെ വാതിൽ ഞെരിഞ്ഞു അടഞ്ഞു പോയേക്കാം. കപ്പൽ തകർന്നു വീണാലേ കപ്പിത്താന്റെ മുറിയിലെത്താൻ പറ്റൂ. അവിടെയെവിടെയോ ആണ് രണ്ടാമത്തെ അടയാളം. ആവേശത്തോടെ അയാൾ കപ്പലിനെ നോക്കിയിരുന്നു.
എങ്കിലും ഇത്ര ദുരൂഹതയോടെ മുത്തച്ഛൻ എന്തിനാണ് നിധി കുംഭം ഒളിപ്പിച്ചു വച്ചതെന്ന് ഫെഡറിക് ഏറെ ആലോചിച്ചതാണ്. പിറ്റേന്ന് വെളുപ്പിനെ അയാൾ വീണ്ടും ആറ്റിക്കിൽ കയറി തിരഞ്ഞു നോക്കി. പഴക്കമേറെയുള്ള പൊടിപടലങ്ങളും മാറാലകളും കാരണം അതിലേക്കു കയറാൻ പറ്റുന്നില്ല. എങ്കിലും അതിനിടയിലൂടെ അയാൾ തിരഞ്ഞു നടന്നു. മുത്തച്ഛൻ എഴുതിയ മറ്റു ഡയറികൾ ഉണ്ടോ എന്നറിയാനായിരുന്നു അയാളുടെ ശ്രമം. സന്ധ്യയോടെ കുറെ ഡയറികൾ സ്വന്തമാക്കാൻ പറ്റി!
യുദ്ധാനന്തരം കോളോമയിലെ ജീവിതവും മുത്തശിയും മക്കളും മറ്റു കുടുംബാങ്ങളും ഒക്കെ അവയിലൂടെ ഫെഡറിക്കിന്റെ മുന്നിലേക്ക് നിരന്നു നിന്നു. പിന്നെ എവിടെയോ, തനിക്കു കിട്ടിയ സ്വർണക്കല്ലുകളെപ്പറ്റിയും അതൊളിപ്പിക്കാൻ വീട് വിട്ടു പോകേണ്ടി വന്നതിനെക്കുറിച്ചും ഒക്കെ വായിച്ചു. കൂട്ടുകാരനാണെങ്കിലും മാഫിയയിൽ അംഗമായ മാരിയോയെക്കുറിച്ചും അയാളുടെ ഭീതിപ്പെടുത്തുന്ന പിന്തുടരുകളെയും കുറിച്ചുള്ള ബാക്കി കഥകൾ. കിട്ടിയ സ്വർണ കല്ലുകൾ എല്ലാം സാന്താക്രൂസിലേക്കുള്ള വഴിയിൽ കളഞ്ഞു പോയി എന്ന് മാരിയോയെ വിശ്വസിപ്പിക്കാൻ മുത്തച്ഛന് കഴിഞ്ഞില്ലെന്നും മനസിലായി.
മുത്തച്ഛനെ ഒരിക്കൽ കാണാതാവുകയായിരുന്നു. എന്തുപറ്റിയെന്ന് ആർക്കും അറിയില്ല. മാഫിയയുടെ ഇരയായോ എന്തോ? മാരിയോ അതിനു ശേഷം പലപ്പോഴും വീട്ടിൽ സൗഹൃദം പറഞ്ഞു വരുമായിരുന്നു എന്നച്ഛൻ പറയാറുള്ളയാൾ ഓർത്തു. എന്തായാലും മുത്തച്ഛനെ കാത്തിരുന്നു കുടുംബത്തിലുള്ളവർക്കെല്ലാം പ്രായമായി!
ഇപ്പോൾ ഏതാണ്ട് കഥകൾ തെളിഞ്ഞു വരുന്നുണ്ട്. അവർ മുത്തച്ഛനെ കൊന്നു കാണും! ആ ഭയമാവാം മുത്തച്ഛൻ അടയാളങ്ങളിട്ടു നിധികുംഭം ഒളിപ്പിച്ചതിനു കാരണം.
ഇന്ന് ജനുവരി 21, 2017; ശക്തിയായ കാറ്റിലും തിരമാലകളും പെട്ട് കപ്പൽ പല കഷണങ്ങളായി തകർന്നടിഞ്ഞു. ഇത്തവണ കപ്പിത്താന്റെ മുറി വ്യക്തമായി കാണാൻ പറ്റും എന്ന് ഫെഡറിക്ക് ഉറപ്പാക്കി.
അസ്ഥി തണുത്തുറയുന്ന കടലിൽ സ്വിമ്മ് സൂട്ടും ഇട്ടു അയാൾ കപ്പിത്താന്റെ മുറിയിൽ കയറിപ്പറ്റി. ദ്രവിച്ചു തുടങ്ങിയെങ്കിലും നല്ല ബലമുള്ള പിക്കാക്സ് വാതിൽ തുറക്കാൻ ഏറെ സഹായിച്ചു. തണുത്ത ഉപ്പുവെള്ളം ആ മുറിയിലേക്ക് ഇരച്ചു കയറി. കുറേനേരത്തേക്കു അയാൾക്ക് ഒന്നും കാണാം കഴിഞ്ഞില്ല. കടൽവെള്ളത്തിൽ അയാൾ ഒരു പായൽ കഷണം പോലെ ഇളകിയാടി. പിന്നെയെപ്പോഴോ വെള്ളം ഒഴുകി നില ശരിയായപ്പോൾ അയാൾ ആ മുറി മുഴുവൻ പരതാൻ തുടങ്ങി. മുത്തച്ഛനുമായി ഒരു 'ഹൈഡ് ആൻഡ് സീക്ക്" കളി! തിരച്ചിൽ ദിവസങ്ങളോളം നീണ്ടു. ബീച്ചിലെ സന്ദർശകരുടെയും ഗാർഡുകളുടെയും കണ്ണുവെട്ടിച്ചു കപ്പലിലെത്തുക വളരെ പ്രയാസമായിരുന്നു. എങ്കിലും തിരച്ചിലിനൊടുവിൽ അയാൾ അത് കണ്ടുപിടിച്ചു. കപ്പലിന്റെ കൺട്രോൾ വീലിനടിയിൽ ഒരു കുടുക്ക! കണ്ടുപിടിക്കാൻ അത്ര എളുപ്പമല്ല.
അത് കിട്ടിയതും അമിതമായ ആവേശത്തിൽ അയാൾ കരയിലേക്ക് നീന്തി കയറി. ആ കുടുക്കയിൽ ഒരു മാലയിൽ കോർത്ത സ്വർണത്താക്കോലായിരുന്നു; കൂട്ടത്തിൽ ഒരു സ്വർണത്തകിടും. വായിക്കാൻ ഏറെ പ്രയാസമുള്ള മുത്തച്ഛന്റെ കൈപ്പട! അടയാളം മൂന്ന്: 'ട്വിൻലേക്ക് ബീച്ചിലെ കടൽ കയറിയ രഹസ്യ സ്ഥലം. അതിനു തെക്ക് ഉയരത്തിൽ നിന്നാൽ തെളിഞ്ഞു കാണാം. പൗർണമിയിൽ അതിലെ വെളിച്ചത്തിനും, താഴെ തിരകൾക്കും ഭംഗിയേറെയാണ്. പക്ഷേ തിരകളുടെ കള്ളത്തരങ്ങളിൽ വീഴാതിരിക്കുക. വിളക്കുമാടത്തിനടിയിൽ ആത്മാക്കളുണ്ട്. ആത്മാക്കൾ കാവലിരിക്കുന്ന ഇടത്തേക്ക് സ്വാഗതം."ഏറെ ഭയം തോന്നി അയാൾക്ക്. എങ്കിലും എവിടെനിന്നോ ശക്തിയും ആവേശവും അയാളെ വേഗത്തിൽ ഡ്രൈവ് ചെയ്യാൻ പ്രേരിപ്പിച്ചു. താൻ നിധി കുംഭത്തിനു ഏറെ അടുത്തെത്തിയെന്നോർത്തു അയാൾക്ക് ഏറെ സന്തോഷം തോന്നി.
വീണ്ടും മൂന്നാമത്തെ അടയാളം അയാളെ അലട്ടി. ട്വിൻ ലേക്ക് ബീച്ചിൽ മിക്കവാറും പോകാറുണ്ട്. കടൽ കയറിയ രഹസ്യ സ്ഥലം കണ്ടെത്തി. അതിനു തെക്കു ഉയരത്തിൽ എന്ന് പറഞ്ഞാൽ!? താനെപ്പോഴും ഇരിക്കാറുള്ള സിമന്റ് ബെഞ്ച് അവിടെയല്ലേ?! അയാൾ വേഗം അവിടേക്ക് പോയി. അവിടെ എന്താണ് അടയാളം? അടയാളത്തിലെ ഭംഗിയുള്ള വെളിച്ചവും തിരകളും എവിടെ? ഏറെനേരം എടുത്തു അത് അൽപ്പം അകലെയുള്ള വിളക്കുമാടമാണെന്നു തിരിച്ചറിയാൻ.
തണുപ്പുകാലം വീണ്ടും വന്നെത്തിയിരിക്കുന്നു. റോക്കി മലനിരകളുടെ വടക്കുഭാഗത്തു നിന്നും പറന്നെത്തിയ മൊണാർക്ക് ചിത്രശലഭങ്ങൾ അവിടെയെല്ലാം ഒഴുകി നടന്നു. അവ കൂട്ടമായാണ് പറന്നെത്താറ്. അവയുടെ ഭംഗി അലൗകികമാണ്!
മുന്നിൽ കടലിൽ ഡോൾഫിനുകളുടെ ഒരു കൂട്ടം. അവയുടെ ആഹ്ലാദം അയാൾ തന്നിലേക്ക് ആവാഹിച്ചെടുത്തു. ഒരു മൈലിൽ കൂടുതൽ പരന്നുകിടക്കുന്ന പഞ്ചസാര മണൽത്തരികൾ. ഈ കടൽത്തീരത്ത് എത്ര ഇരുന്നാലും മതിയാവുകയില്ല.
ഇന്ന് സർവ സംഹാരിയായ ചുഴലിക്കൊടുങ്കാറ്റും തിരമാലകളും ഉള്ള ദിവസമാണ്. അതികാലത്തു മുതൽ ശക്തിയേറിയ കാറ്റും തിരകളും. അയാൾ ഏറെ സന്തോഷിച്ചു. കാറ്റും തിരകളും വിളക്കുമാടത്തിനെ തള്ളിയിടട്ടെ! തനിക്കായി നിധികുംഭം പൊങ്ങിവരട്ടെ! എന്തുകൊണ്ടോ എന്തെങ്കിലും തകരുമ്പോയാണ് എപ്പോഴും തനിക്കു ഗുണമുണ്ടാവുന്നത് എന്നയാൾ ഓർത്തു; വിചിത്രമായിരിക്കുന്നു! എത്രനേരംഅവിടെയിരുന്നു എന്നയാളറിഞ്ഞില്ല. മഴ ശക്തമായതും, കാറ്റ് ഉറഞ്ഞു വീശാൻ തുടങ്ങിയതും അയാൾ അറിഞ്ഞില്ല. എപ്പഴോ ബോധം വീണപ്പോൾ അയാൾ തീരുമാനിച്ചു, 'ഇനി ഇവിടെയിരുന്നിട്ടു കാര്യമില്ല." ശക്തമായ കാറ്റിനെ വകവയ്ക്കാതെ അയാൾ വിളക്കുമാടത്തിനടുത്തേക്കു നടന്നു. മുത്തച്ഛന്റെ പിക്കാക്സും താക്കോലും ഭദ്രമായി ഉണ്ടെന്നയാൾ വീണ്ടും ഉറപ്പു വരുത്തി.
ഉൾക്കടലിലെവിടെയോ വഴിതെറ്റിയ നാവികരെ വഴികാട്ടുന്നത് പോലെ വിളക്കുമാടത്തിലെ വെളിച്ചം ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. ആത്മാക്കൾ കാവലിരിക്കുന്നത് എന്നൊക്കെ വെറുതെ എഴുതിയതാവും. എങ്കിലും സത്യമാണെങ്കിലോ? അങ്ങനെയെങ്കിൽ തന്റെ മുത്തച്ഛന്റെ ആത്മാവും ആ കൂട്ടത്തിലുണ്ടാവും. തന്റെ പേടിയെ അയാൾ ആശ്വസിപ്പിച്ചു. ഇന്ന് നിധികുംഭം കിട്ടിയില്ലെങ്കിൽ പിന്നീട് ഏറെ കാത്തിരിക്കേണ്ടിവരും അത് സ്വന്തമാവാൻ! കാലുകൾ വലിച്ചുവെച്ചു നടക്കുന്നതിനിടയിൽ ഒരു തോന്നൽ അയാളിലേക്ക് ആണ്ടിറങ്ങി. എന്താണ് അങ്ങനെ തോന്നാൻ? അറിയില്ല!
ഇളകിമറിയുന്ന തിരകൾക്കിടയിൽ, പെയ്തുനിറയുന്ന പേമാരിക്കിടയിൽ, പറന്നിറങ്ങിയ ഭീതികരമായ മിന്നൽ കൊടികൾക്കിടയിൽ, ഒരുനിമിഷം അയാളത് കണ്ടു. വിളക്കുമാടത്തിനു താഴെ, പകുതി മണ്ണിനു മുകളിലായി ഒരു വലിയ നിധികുംഭം! ഭ്രാന്തമായ ആവേശത്തോടെ അയാളത്തിനുനേരെ ഓടിയടുത്തു. 'ഞാനാണിതിന് അവകാശി, എന്റേതാണത്."അയാളുടെ അട്ടഹാസം പ്രകൃതിയുടെ ഗംഭീര ഹുങ്കാരത്തിൽ മുങ്ങിപ്പോയി. നിധികുംഭം അൽപ്പം കൂടി പുറത്തേക്കു വന്നാൽ മതി. അയാൾ ഭ്രാന്തമായ ആവേശത്തിൽ ആഞ്ഞു വെട്ടി. പിക്കാക്സിന് മൂർച്ച പോരാ. എവിടേയ്ക്കെയോ അത് ഒടിഞ്ഞുപോയിരിക്കുന്നു. പക്ഷെ അയാളത് തെല്ലും കാര്യമാക്കിയില്ല.
അപ്പോൾ അയാൾ വിളക്കുമാടത്തിന്റെ കാവൽക്കാരെ വ്യക്തമായി കണ്ടു. അന്തരീക്ഷത്തിൽ പുകപടലങ്ങൾ പോലെ അലിഞ്ഞും തെളിഞ്ഞും ആത്മാക്കളുടെ കൂട്ടം. ആത്മാക്കൾ തനിക്കുചുറ്റും ഒരു വലയം തീർത്തിരിക്കുന്നതയാളറിഞ്ഞു. മുത്തച്ഛനാകൂട്ടത്തിലുണ്ടോ? അറിയില്ല. നോക്കാൻ സമയമില്ല. കള്ളത്തരങ്ങളുള്ള തിരകൾ നിധികുംഭത്തെ എടുത്തുകൊണ്ട് പോകുന്നതിനു മുമ്പേ തനിക്കു അത് സ്വന്തമാക്കണം.
ഭ്രാന്തമായ ആവേശത്തോടെ, വന്യമായ ആഗ്രഹത്തോടെ അയാൾ അവിടം വെട്ടിപ്പൊളിച്ചു. നിധികുംഭത്തെ പകുതിയോളം മറച്ചിരുന്ന വിളക്കുമാടത്തിന്റെ അടിത്തറ പകുതിയോളം തകർന്നിരിക്കുന്നു!
സൈറൺ മുഴങ്ങുന്നു. ചുവപ്പും, ഓറഞ്ചും, നീലയും നിറങ്ങൾ മിന്നി മറയുന്നു.
പോലീസിനെ ആരാണ് വിളിച്ചത് ?
അയാൾ അമ്പരന്നു.
അവരെന്തിനാണ് തന്നെ വിലങ്ങു വയ്ക്കുന്നത്?
''നിധികുംഭം അവിടെത്തന്നെയുണ്ട്. ഞാൻ കണ്ടതല്ലേ. കൈയിൽകിട്ടിയതായിരുന്നു. കഷ്ടം.""
പൊലീസിന്റെ കാറിലിരുന്ന് അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
കാറിന്റെ ഇരമ്പൽ മാത്രം. പതുക്കെ ഒരു മയക്കത്തിലേക്കും, അവിടെനിന്നും ഒരു സ്വപ്നത്തിലേക്കും അയാൾ വഴുതി വീണു.
വിളക്കുമാടത്തിന്റെ ചുവട്ടിൽ അയാൾ. കടൽത്തിരകൾക്കു മുകളിൽ അലിഞ്ഞു ഉലയുന്ന ആത്മാക്കൾ. അവരിലൊരാളുടെ കൈയിൽ നിധികുംഭം.
അത് മുത്തച്ഛനല്ലേ?!
അതേ!
കുംഭം തന്റെ കൈയിൽ വച്ചുതന്നിട്ടു വാക്കുകളൊന്നും തരാതെ അവരെല്ലാവരും കൂടി എവിടെ പോവുകയാണ്?
തിരിച്ചു വിളക്കുമാടത്തിലേക്കു തന്നെ?!ഇനിയും എന്താണ് അവർക്കു അവിടെ ചെയ്യാനുള്ളത്? ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല. എങ്കിലും മനസും ആത്മാവും സന്തോഷം കൊണ്ട് നിറഞ്ഞു കവിഞ്ഞു. പെട്ടന്ന് പൊലീസ് വാഹനം എവിടെയോ നിന്നു. കുറേ ശുഭ്രവസ്ത്രധാരികൾ ചേർന്ന് അയാളെ തട്ടിയുണർത്തി. പരിഭ്രമത്തോടെ അയാൾ പിടഞ്ഞെഴുനേറ്റു ചുറ്റും നോക്കി. ഭയചകിതനായി അയാൾ ആ സ്വർണത്താക്കോൽ കുപ്പായത്തിനടിയിലേക്കു ഒളിച്ചു വച്ചു.
1. തട്ടിൻപുറം
2. കടൽക്കൊക്ക്
3. ചൂതാട്ടസ്ഥലം
4. ഭീകരമായ സാമ്പത്തിക മാന്ദ്യത
5. ഭൂകമ്പമാപിനി
6. 1848 ൽ കാലിഫോർണിയയിലെഗോൾഡ് റഷിന് തുടക്കം
7. രഹസ്യ കുറ്റവാളി സംഘടന
8. ഒളിച്ചുകളി