assembly-elections-2019

ന്യൂഡൽഹി: മഹാരാഷ്ട്ര-ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളും ഹരിയാനയിൽ 90 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോളിംഗ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

'ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. യുവാക്കളാണ് ഇത്തവണ വോട്ട് ചെയ്യാൻ കൂടുതലായി എത്തുകയെന്നാണ് പ്രതീക്ഷ'-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

PM Modi: Elections are taking place for Haryana & Maharashtra assemblies. There are also by-polls taking place in various parts of India. I urge voters in these states & seats to turnout in record numbers & enrich the festival of democracy.I hope youngsters vote in large numbers. pic.twitter.com/w33672vyDX

— ANI (@ANI) October 21, 2019


കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുൾപ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായുള്ള 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുക. വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം. ബീഹാറിലെ സമസ്തിപുർ, മഹാരാഷ്ട്രയിലെ സത്ര എന്നിവയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. കേന്ദ്രമന്ത്രി രാംവിലാസ് പാസ്‌വാന്റെ സഹോദരനും എൽ.ജെ.പി നേതാവുമായ രാമചന്ദ്രപാസ്‌വാന്റെ നിര്യാണത്തെ തുടർന്നാണ് സമസ്തിപുരിൽ ഉപതിരഞ്ഞെടുപ്പ്. എൻ.സി.പി എം.പിയായിരുന്ന ഉദയൻരാജെ ബോസ്‌ലെ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് സത്രയിൽ വീണ്ടും തിരഞ്ഞെടുപ്പ്.

ബോസ്‌ലെ തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥി. മുൻ സിക്കിം ഗവർണറായ ശ്രീനിവാസ് പാട്ടീലിനെയാണ് എൻ.സി.പി മത്സരിപ്പിക്കുന്നത്. വിമത കോൺഗ്രസ് ജെ.ഡി.എസ് എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. സുപ്രീംകോടതിയിൽ വിമതർ നൽകിയ ഹർജിയിൽ തീരുമാനം വരുന്നത് വരെയാണ് നീട്ടിയത്.