പെരുമ്പാവൂർ: ഇതരസംസ്ഥാന ലൈംഗികത്തൊഴിലാളികൾ കേരളത്തിലേക്ക് കൂടുതലായി എത്തുന്നുവെന്ന് സർവേ റിപ്പോർട്ട്. ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതലുള്ളത് പെരുമ്പാവൂരിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലാണ് കണ്ടെത്തൽ. ബംഗാൾ, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് യുവതികൾ കൂടുതലായും എത്തുന്നത്. ബന്ധുക്കളെന്ന വ്യാജേന ഇവർ കേരളത്തിലെത്തിയ ശേഷം ലൈംഗികത്തൊഴിലിലേക്ക് നീങ്ങുകയാണ് ഇവരുടെ രീതിയെന്ന് സർവേയിൽ പറയുന്നു.
സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിൽ കേരളത്തിലെ ചില ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. തൃശൂർ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും മാസങ്ങൾക്കു മുമ്പ് നടത്തിയ പരിശോധനയിൽ 12 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഏഴുപേരും മ സംസ്ഥാനക്കാരായിരുന്നു. ഏജന്റായ തൃശ്ശൂർ തളിക്കുളം സ്വദേശി സീമയെയും വിദേശ മലയാളിയുടെ വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം നടത്തിയ സ്ത്രീയെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബംഗളൂരു സ്വദേശികളായ സ്ത്രീകളാണ് അന്ന് പിടിയിലായവർ. ഏജന്റ് മുഖേന ബംഗാളിൽ നിന്ന് കൂടുതൽപേർ പെരുമ്പാവൂരിൽ എത്തുന്നുവെന്ന് സർവേ പറയുന്നു. മറുനാടൻ ലൈംഗികത്തൊഴിലാളികളുടെ കടന്നുവരവ് എച്ച്.ഐ.വി, മറ്റു ലൈംഗിക രോഗങ്ങൾ എന്നിവ പടരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.