തിരുവനന്തപുരം: കനത്ത മഴയിലും ആത്മവിശ്വാസം കെെവിടാതെ മുന്നണികൾ. വട്ടിയൂർക്കാവിൽ നഗരസഭയുടെ വികസനപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് ഇടത് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് എൻ.എസ്.എസ് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിൽ സാമുദായിക വോട്ടുകൾക്ക് വലിയ പ്രാധാന്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുക. അവർ സാമുദായിക ചിന്തക്ക് ഒപ്പം നിൽക്കില്ലെന്നും പൂർണ വിജയം പ്രതീക്ഷിക്കുന്നുവെന്നും വി.കെ പ്രശാന്ത് കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവിലൂടെ ബി.ജെ.പിക്ക് മറ്റൊരു സീറ്റ് കൂടി ലഭിക്കുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.എസ് സുരേഷ് പറഞ്ഞു. വികസനം കൊണ്ടു വരും വിശ്വാസം സംരക്ഷിക്കും എന്നതാണ് ബി.ജെ.പി വാഗ്ദാനമെന്നും ഇത് വട്ടിയൂർക്കാവിലെ ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയങ്ങളിൽ മറ്റ് മുന്നണികൾ ഒളിച്ചോടുകയാണ് ഉണ്ടായതെന്നും എസ്.സുരേഷ് കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് ജയം സുനിശ്ചിതമെന്ന് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എം.എൽ.എ കെ.മുരളീധരൻ പ്രതികരിച്ചു. മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യു.ഡി.എഫിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.