narendra-modi-

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ നൂറ്റിഎൺപതോളം ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇനി കാശ്മീരിൽ നിന്നും നേരിട്ടിറക്കിയ ആപ്പിളിന്റെ മാധുര്യവും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ എം.എ.യൂസഫലി കാശ്മീരിൽ നിന്നും ഉത്പന്നങ്ങൾ മിഡിൽ ഈസ്റ്റിലെ ലുലു സൂപ്പർ മാർക്കറ്റുകളിലേക്ക് ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതിൻ പ്രകാരം ഇരുന്നൂറ് ടൺ ആപ്പിളുകൾ കാശ്മീരിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ഓർഡർ കഴിഞ്ഞ ദിവസം ലുലുഗ്രൂപ്പ് നൽകി. പത്ത് കണ്ടെയ്നർ ആപ്പിളുകളാണ് ലുലുഗ്രൂപ്പിനായി കയറ്റി അയക്കുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം ജമ്മുവിനെ സംഘർഷരഹിതമാക്കുവാനായി കർശനമായ നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നത്. കാശ്മീരി ആപ്പിളിന്റെ സീസണിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ കർഷകരെ ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു.

ആപ്പിളിനു പുറമേ കാശ്മീരിൽ നിന്നും മറ്റ് കാർഷിക ഉത്പന്നങ്ങളും വാങ്ങുവാൻ ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇതിനായി ശ്രീനഗറിൽ സംഭരണശാല നിർമ്മിക്കാനും പദ്ധതിയുണ്ട്. ജമ്മുകാശ്മീരിൽ നിന്നും ലഭിക്കുന്ന ലോകപ്രശസ്തമായ കുങ്കുമപ്പൂവ്, സ്‌പൈസസ് തുടങ്ങിയവയും വാങ്ങാൻ ലുലുഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ലുലുഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പർമാർക്കറ്റുകളിൽ കാശ്മീർ പ്രൊമോഷൻ വീക്ക് ആചരിക്കും.