പത്തനംതിട്ട: കോന്നി മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയ കലാശക്കൊട്ടിൽ നിന്നും താൻ വിട്ടുനിന്നിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. എം.പി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഡൽഹിയിൽ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ പാർലമെന്ററി സമിതി യോഗം നടക്കുന്നതിനാലാണ് ഡൽഹിയിലേക്ക് വന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
"പാർലമെന്റ് സമിതി യോഗം ഇന്നും നാളെയും ഡൽഹിയിലുള്ളതിനാലാണ് ഇവിടേക്ക് വന്നത്. അതല്ലാതെ തിരഞ്ഞെടുപ്പ് ദിവസമടക്കം മാറി നിൽക്കുകയല്ല. കുടുംബയോഗങ്ങളിലടക്കം പങ്കെടുത്തതാണ്. കൊട്ടിക്കലാശത്തിനിടെ, ഒഴിവാക്കാൻ പറ്റാത്ത ചില യോഗങ്ങളിൽ പങ്കെടുത്തു. അതും സ്ഥാനാർത്ഥിക്ക് വേണ്ടിത്തന്നെയാണ്. അന്ന് വൈകിട്ട് ആറ് മണി വരെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ താനുണ്ടായിരുന്നു''-അദ്ദേഹം പറഞ്ഞു. കൊട്ടിക്കലാശത്തിൽ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും ഇത് ചർച്ചയാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ അടൂർ പ്രകാശും നേതൃത്വവും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. പി.മോഹൻരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം താൻ അറിഞ്ഞില്ലെന്ന് അടൂർ പ്രകാശ് തുറന്നു പറയുകയും ചെയ്തു. പ്രചാരണത്തിൽ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളിൽ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകൾ മാറ്റി ക്രമീകരിച്ചു.