ernakulam

കൊച്ചി: തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും ശക്തമായ മഴ തുടരുന്നതോടെ ട്രെയിൻ ഗതാഗതം താറുമാറായി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റെ ട്രാക്കിൽ ഉൾപ്പടെ വെള്ളം കയറിയതിനെ തുടർന്ന് റെയിൽ ഗാതഗതം നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു. സൗത്ത് സ്‌റ്റേഷനിൽ വെള്ളം കയറിയതിനെ തുടർന്നു വിവിധ സ്‌റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. സൗത്തിൽ നിന്നു പുറപ്പെടേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും. സൗത്ത് സ്‌റ്റേഷനിൽ എത്തിയവർ മെട്രോയിൽ കയറി നോർത്തിലെത്തി യാത്ര തുടരാൻ ശ്രമിക്കണമെന്നും റെയിൽവേ അധികൃതർ നിർദേശിച്ചു.

സംസ്ഥാനത്ത് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളിൽ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എറണാകുളത്തെ ചില പോളിംഗ് ബൂത്തുകൾ മാറ്റി ക്രമീകരിച്ചു. ആദ്യ മണിക്കൂറിൽ തിരക്ക് കുറഞ്ഞതോടെ ആശങ്കയിലാണ് മുന്നണികൾ. ഉച്ചയ്ക്ക് മുമ്പ് വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാനാണ് പ്രവർത്തകരുടെ ശ്രമം. എറണാകുളത്തെ ഒരു ബൂത്തുകളിൽ പോലും ഇപ്പോൾ തിരക്കില്ല.