മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് ആദ്യ മൂന്ന് മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പോളിംഗ്. കനത്ത മഴയിൽ മറ്റ് നാല് മണ്ഡലങ്ങളിലും മന്ദഗതിയിലാണ് പോളിംഗ്. എന്നാൽ, മികച്ച പോളിംഗ് നടക്കുന്ന മഞ്ചേശ്വരത്ത് ഇതുവരെ 12.18 ശതമാനം വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ശങ്കർ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തിൽ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. കുമ്പള ഹയർ സെക്കന്റെറി സ്‌കൂൾ 140 നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ഒന്നര മണിക്കൂർ വോട്ടിംഗ് മുടങ്ങിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീൻ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിൻജ ബൂത്ത് നമ്പർ 73 (ഹിദായത്ത് ബസാർ) സന്ദർശിച്ചു. എൻ.ഡി.എ സ്ഥാർത്ഥി രവീശ തന്ത്രി കുണ്ഠാർ ഏഴു മണിക്ക് കുമ്പള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എൽ.പി സ്‌കൂളിൽ എത്തി. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്.
എറണാകുളത്ത് 4.93 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ്. എറണാകുളം ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബസുകൾ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി റോഡിലെ പലകടകളിലും വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് മുതലാണ് എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടങ്ങിയത്.