kerala-psc

കണ്ണൂർ : ഏറെ നാളായി കേരളം കാത്തിരിക്കുന്ന കേരള ബാങ്കിന്റെ മറവിൽ പിൻവാതിൽ നിയമനത്തിന് തിരക്കിട്ട ശ്രമങ്ങൾ. പി.എസ്.സിയുടെ നിയമന നിബന്ധനകൾ കാറ്റിൽ പറത്തി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ മൂന്ന് ഉദ്യോഗസ്ഥരെ വേണ്ടിടത്ത് ഇരുപത്തിനാല് പേരെ നിയമിക്കാൻ ശ്രമം. ഇവിടെയുള്ള ഇരുപത്തിനാല് പാർട് ടൈം ശുപീകരണ ജീവനക്കാരെ പ്യൂൺ തസ്തികയിലേക്ക് നിയമിക്കുവാനാണ് ശ്രമം തുടങ്ങിയത്. പ്യൂണായി സർവീസിൽ കയറുന്നയാൾക്ക് യോഗ്യതയുണ്ടെങ്കിൽ ജനറൽ മാനേജർ വരെയാകാൻ കഴിയും. ഇപ്പോൾ നിയമനം നടത്തിയാൽ ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച് കേരള ബാങ്കാവുന്നതോടെ അനധികൃത നിയമനങ്ങൾ ആരുമറിയാതെ പോകും. കേരള പിറവി ദിനമായ നവംബർ ഒന്നിന് കേരള ബാങ്ക് നിലവിൽ വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 2014ലെ രജിസ്ട്രാറുടെ ഉത്തരവ് പ്രകാരം അറുപത് പ്യൂണുമാരുടെ ഒഴിവാണുള്ളത്. ഇതിൽ മുപ്പതെണ്ണം പി.എസ്.സി വഴിയാണ് നികത്തേണ്ടത്, ബാക്കി നിയമനങ്ങൾ സഹകരണ സംഘങ്ങളിൽ നിന്നുള്ള സംവരണ നിയമനവുമാണ്. ഇപ്പോൾ പ്യൂൺ തസ്തികയിലേക്കു പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ല. ഈ പഴുത് ഉപയോഗിച്ചാണ് പാർട് ടൈം ശുപീകരണ ജീവനക്കാരെ പ്യൂൺ തസ്തികയിലേക്ക് നിയമിക്കാൻ നീക്കം നടക്കുന്നത്.