thailand

ഫുകേത്: ചൈനീസ് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് കാരണം പ്രതിസന്ധിയിലായി തായ്‌‌ലൻഡ് വിനോദ സഞ്ചാര മേഖല. യു.എസ്-ചൈനീസ് വ്യാപാര ബന്ധങ്ങളിൽ ഉണ്ടായ ഇടർച്ചയും തായ് കറൻസിയായ ഭട്ടിന് ചൈനീസ് കറൻസി യുവാനെക്കാൻ മൂല്യം വർദ്ധിച്ചതുമാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായത്. തായ്‌ലൻഡിന്റെ ജി.ഡി.പിയുടെ 18 ശതമാനവും വിനോദസഞ്ചാര മേഖലയിൽ നിന്നുമാണ് ലഭിക്കുന്നത്. തായ്‌‌‌ലൻഡിലേക്ക് എത്തുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളും ചൈനയിൽ നിന്നുമാണ് വരുന്നത്.

ഇതുകൊണ്ടുതന്നെ ഇവരുടെ വരവിൽ കുറവുണ്ടായാൽ സാമ്പത്തികമായി തായ്‌‌‌‌‌ലൻഡിന് വൻ നഷ്ടമാണ് ഉണ്ടാകുക. തായ്‌‌‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ദ്വീപായ ഫുകേതിലുമാണ് പ്രധാനമായും ചൈനീസ് സഞ്ചാരികൾ എത്തുന്നത്. 2018ൽ 2.2 മില്ല്യൺ ചൈനീസ് സഞ്ചാരികളാണ് തായ്‌‌ലൻഡിലേക്ക് എത്തിയത്. എന്നാൽ ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഈ സംഖ്യയിൽ അഞ്ച് മടങ്ങ് കുറവുണ്ടായിട്ടുണ്ട്. ഫുകേതിന്റെ തീരത്തായി ഉണ്ടായ ബോട്ടപകടത്തിൽ 37 ചൈനീസ് വിനോദസഞ്ചാരികൾ മരണപ്പെട്ടതും ഇവിടേക്കുള്ള ഇവരുടെ വരവ് കുറച്ചു.

ഇങ്ങനെയുള്ള വിഷമസ്ഥിതിയിൽ മറ്റ് രാജ്യങ്ങളിലുള്ള വിനോദസഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കാനാണ് തായ്‌‌ലൻഡിലെ ഹോട്ടൽ ഉടമകളും ടൂർ പാക്കേജ് ഓപ്പറേറ്റർമാരും ശ്രമിക്കുന്നത്. പ്രധാനമായും ഇന്ത്യയെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ മദ്ധ്യവർഗത്തിന്റെ ജീവിത നിലവാരത്തിൽ ഉണ്ടായ മാറ്റവും, ഇന്ത്യയിൽ നിന്നും തായ്‌‌ലൻഡിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ വരവും, വിസ ആവശ്യമില്ലാത്ത സഞ്ചാരവും തായ് ടൂറിസം മേഖലയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

രണ്ട് മില്ല്യൺ ഇന്ത്യക്കാർ ഈ വർഷം തായ്‌‌‌ലൻഡ് സന്ദർശിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ഇവർ കണക്കുക്കൂട്ടുന്നത്. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യക്കാർ സഹായിക്കണം എന്നും ഇവർ പറയുന്നു.പുതുമയുള്ള ഒരു ടൂറിസം കേന്ദ്രമായിരുന്ന തായ്‌ലൻഡിന് പോകെ പോകെ ആ പദവി നഷ്ടമായതും തായ് കറൻസിയുടെ മൂല്യം വർദ്ധിച്ചതുമാണ് സഞ്ചാരികളുടെ എണ്ണതിൽ കുറവ് സംഭവിച്ചതിന് കാരണമായി വിദഗ്ദ്ധർ പറയുന്നത്.