meena-
ടിക്കാറാം മീണ,​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വോട്ടെടുപ്പ് ഇതുവരെ ആരംഭിക്കാത്ത പോളിംഗ് ബൂത്തുകളിൽ ആവശ്യമെങ്കിൽ സമയം നീട്ടിനൽകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. മഴ കുറയാത്ത സാഹചാര്യത്തിൽ പോളിംഗ് തുടങ്ങാനായില്ലെങ്കിൽ വോട്ടെടുപ്പ് മാറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടിവരും, എന്നാൽ നിലവിൽ അങ്ങനെ ഒരു സാഹചര്യമില്ലെന്ന് ടിക്കാറാം മീണ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം വിലയിരുത്താൻ കളക്ടർമാരോട് സംസാരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ തിരുവനന്തപുരത്ത് ചേർന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10.30വരെയുള്ള വോട്ടിംഗ് ശതമാന കണക്കുകളും ടിക്കാറാം മീണ വിശദീകരിച്ചു. മഞ്ചേശ്വരം 20.26%, എറണാകുളം 8.38%, അരൂർ 20.3%, കോന്നി 19.54%, വട്ടിയൂർക്കാവ് 17.42% എന്നിങ്ങനെയാണ് കണക്കുകൾ. മുഴുവൻ മണ്ഡലങ്ങളിലും ആകെ വോട്ടിംഗ് ശതമാനം 17.6 % ആണെന്ന് ടിക്കാറാം മീണ അറിയിച്ചു. കനത്ത മഴ തുടരുന്ന എറണാകുളത്താണ് പോളിംഗ് ശതമാനം ഏറ്റവും കുറവ്. വെള്ളക്കെട്ടിനെയും വെളിച്ചക്കുറവിനെയും തുടർന്ന് എറണാകുളത്തെ ചില ബൂത്തുകൾ മാറ്റിക്രമീകരിച്ചിരുന്നു. മണ്ഡലത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതിന് തുടർന്ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

എറണാകുളം നഗര പ്രദേശത്തെ ചില ബൂത്തുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേ തുടർന്ന് കളക്ടറുമായി സംസാരിച്ചിരുന്നു. അവിടെയുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. കൂടാതെ വെള്ളം കയറിയ ബൂത്തുകൾ സന്ദർശിക്കാൻ കളക്ടർക്കും ജനറൽ ഒബ്സർവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ടിക്കാറാം മീണ അറിയിച്ചു.