ന്യൂഡൽഹി : ഭീകരരെ ക്യാമ്പുകളിൽ പരിശീലിപ്പിച്ചതിന് ശേഷം സൈന്യത്തിന്റെ സംരക്ഷണയിൽ അതിർത്തിയ്ക്കടുത്തുള്ള സേഫ് സോണുകളിൽ (ലോഞ്ച് പാഡുകൾ) എത്തിച്ച ശേഷമാണ് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത്. ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം അടുത്തിടെ കാശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കനത്ത സുരക്ഷയിൽ വിറളി പൂണ്ട പാകിസ്ഥാൻ ഏതുവിധേനയും പ്രശ്നങ്ങളുണ്ടാക്കുവാനായി നിരന്തരം ശ്രമിക്കുകയാണ്. അന്താരാഷ്ട്ര വേദികളിൽ പിന്തുണ ലഭിക്കാതായതോടെയാണ് ഭീകരരെ കൂട്ടുപിടിച്ച് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ ശ്രമിക്കുന്നത്.
വെടിനിർത്തൽ കരാർ ലംഘനം പതിവ്
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയായിരുന്നു പാകിസ്ഥാൻ. 2317 തവണയാണ് പാക് ഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായത്. അഞ്ച് വർഷത്തെ പാക് വെടിനിറുത്തൽ ലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ഇക്കൊല്ലമാണ്. ഇന്ത്യൻ സൈനികർക്ക് പുറമേ കാശ്മീരിലെ സാധാരണക്കാരെയും ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതോടെയാണ് ഇന്ത്യൻ സൈന്യം കടുത്ത നടപടിയിലേക്ക് കഴിഞ്ഞ ദിവസം ചുവട് മാറ്റിയത്.
തോക്കും, ചെറിയ മോട്ടാർ ഷെല്ലുകളുമുപയോഗിച്ചാണ് പാക് പ്രകോപനങ്ങൾക്ക് സാധാരണയായി ഇന്ത്യൻ സൈന്യം മറുപടി നൽകിയിരുന്നത്. ലോഞ്ച് പാഡുകളിൽ തയ്യാറായി നിൽക്കുന്ന ഭീകരരെ ഇന്ത്യൻ മണ്ണിലേക്ക് കയറ്റി വിടാനായി സൈന്യത്തിന്റെ ശ്രദ്ധതിരിക്കുവാനാണ് തുടർച്ചയായി പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്ക്കുന്നത്. എന്നാൽ പാകിസ്ഥാന്റെ ഏറെ പഴകിയ ഈ തന്ത്രം ശരിക്കും അറിയാവുന്നതിനാൽ സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്ത്യ സ്വീകരിക്കുന്നത്.
അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പാകിസ്ഥാൻ
ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനായി പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ഒരു പൗരൻ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കനത്ത പ്രഹരത്തിന് ഇന്ത്യൻ സൈന്യം തയ്യാറെടുത്തത്. യുദ്ധമുഖത്ത് ശത്രുവിനെ തുരത്തിയോടിക്കുവാൻ ഉപയോഗിക്കുന്ന പീരങ്കി തോക്കുകളുപയോഗിച്ചാണ് പാകിസ്ഥാന് മറുപടി നൽകിയത്. അധിനിവേശ കാശ്മീരിലെ നാല് ഭീകരക്യാമ്പുകളും നിരവധി പാക് സൈനിക പോസ്റ്റുകളും
തകർത്തു തരിപ്പണമാവുകയും ആറ് പാക് ഭടന്മാരെയും ഇരുപതോളം ഭീകരരെയും വധിക്കുവാനും ഇന്ത്യയ്ക്കായി. പാക് പക്ഷത്ത് കനത്ത ആൾ നാശമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് സൈനിക ഓപ്പറേഷൻ സ്ഥിരീകരിക്കുകയും, റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന് നൽകുകയും ചെയ്തു. ഭീകരർ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സേന തിരിച്ചടി നൽകിയതെന്നാണ് ഓപ്പറേഷന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങൾ (ലോഞ്ച് പാഡുകൾ) തകർത്ത സൈന്യം സൂറ, അത്മുഖം, കുണ്ടൽസാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകർത്തത്. എല്ലാം ലഷ്‌കറെ തയ്ബ, ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങൾ.ഓരോ ക്യാമ്പിലും 15 മുതൽ 20 ഭീകരർ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നു.ക്യാമ്പുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകർത്തു. ഈ പോസ്റ്റുകളിലെ ആറ് ഭടന്മാരാണ് കൊല്ലപ്പെട്ടത്.ഭീകരരെ തുടർച്ചയായി ഇന്ത്യയിലേക്ക് കടത്തുന്നത് ഈ ക്യാമ്പുകളിൽ നിന്നാണ്.
സർജിക്കൽ സ്‌ട്രൈക്ക് 3.0
പീരങ്കി തോക്കുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഇന്ത്യൻ സേനയുടെ പ്രഹരത്തെ മൂന്നാം സർജിക്കൽ സ്‌ട്രൈക്കായിട്ടാണ് ദേശീയ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഉറിയിലെ ഭീകരാക്രമണത്തിന് അതിർത്തി കടന്ന് കമാൻഡോകൾ തിരച്ചടി നൽകിയപ്പോൾ, പുൽവാമയിലെ ഭീകരാക്രമണത്തിന് മിറാഷ് യുദ്ധവിമാനങ്ങളെ അതിർത്തിക്കപ്പുറം അയച്ച് ബാലക്കോട്ടിലെ ഭീകര താവളങ്ങളെ തരിപ്പണമാക്കിയ രണ്ടാം സർജിക്കൽ സ്‌ട്രൈക്കിനു ശേഷം ഇന്നലെ പാക് അതിർത്തിക്കകത്തേക്ക് ഇന്ത്യൻ മണ്ണിൽ നിന്നും തീവ്ര പ്രഹരം ഏൽപ്പിക്കാനാവുമെന്ന് സൈന്യം തെളിയിച്ചിരിക്കുകയാണ് . ഒന്നും രണ്ടും സർജിക്കൽ സ്‌ട്രൈക്കിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നലത്തെ ഇന്ത്യൻ തിരച്ചടി. പാക് ഭാഗത്തു നിന്നുള്ള ചെറിയ നീക്കം പോലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.