heavy-rain-
കനത്ത മഴയിൽ പട്ടം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്‌കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ. ഫോട്ടോ: ധിനു പുരുഷോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ മഴകനക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴ കനക്കാൻ കാരണം. ശക്തമായ മഴ കണക്കിലെടുത്ത് നാളെ തിരുവനന്തപുരം ഒഴികെ 13 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മഞ്ചേശ്വരം ഒഴികെ നാല് മണ്ഡലങ്ങളിലും കനത്ത മഴ തുടരുകയാണ്. ന്യൂനമർദ്ദത്തിന്റെ ഫലമായാണ് രാവിലെ ശക്തമായ മഴ ലഭിച്ചതെന്നും എന്നാൽ, ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് വ്യക്തമാക്കി. വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് നിലവിലുള്ളത്.

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനാൽ ഉച്ചയ്ക്കുശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യും. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. പത്തനാപുരം ആവണീശ്വരത്ത് 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൺറോതുരുത്തിൽ രണ്ട് വീടുകൾ മഴയിൽ തകർന്നുവീണു. മത്സ്യത്തൊഴിലാളിൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.