തിരിഞ്ഞ് വീടിനുള്ളിലേക്ക് ഓടിയാലോ എന്ന് പരുന്ത് റഷീദ് ഒരു നിമിഷം ചിന്തിച്ചു. അയാൾ ഒപ്പമുള്ളവർക്കു നേരെ കണ്ണയച്ചു.
അവരും പതറി നിൽക്കുന്നു!
തൊട്ടുമുന്നിൽ അപ്രതീക്ഷിതമായി പരുന്തിനെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു സി.ഐ അലിയാരും.
എത്രയോ ദിവസങ്ങളായി താൻ ഇവനെ തപ്പിക്കൊണ്ടിരിക്കുന്നു?
മാത്രമല്ല ചന്ദ്രകലയെയും പ്രജീഷിനെയുമാണ് താൻ ഇവിടെ കരുതിയത്.
''ഓടിക്കോടാ..."
തന്റെ അനുചരരോട് പറഞ്ഞുകൊണ്ട് പരുന്ത് വീടിനുള്ളിലേക്ക് ഓടുവാൻ ഭാവിച്ചു.
''സ്റ്റോപ്പ്. ഡോണ്ട് മൂവ്..."
അടുത്ത നിമിഷം അലിയാർ ഗർജ്ജിച്ചു. ''പരുന്തേ... നിന്റെ ഡെഡ്‌ബോഡി കിട്ടിയാലും മതി എനിക്ക്."
ഓടുവാനാഞ്ഞ പരുന്തിന്റെ കാലുകൾ പൊടുന്നനെ നിശ്ചലമായി.
അലിയാരുടെ റിവോൾവർ തന്റെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്നു!
അലിയാർ, എസ്.ഐ സുകേശിനും പോലീസുകാർക്കും നിർദ്ദേശം നൽകി.
''അറസ്റ്റ്."
നിമിഷത്തിനുള്ളിൽ പരുന്ത് റഷീദ് അടക്കം അഞ്ചുപേരും പോലീസ് കസ്റ്റഡിയിലായി.
രാവിലെ ആ വീട്ടിൽ പോലീസ് വാഹനം കണ്ട് സമീപവാസികൾ ഗേറ്റിങ്കൽ എത്തിക്കഴിഞ്ഞിരുന്നു.
''ചന്ദ്രകലയും പ്രജീഷും എവിടെ?"
അലിയാർ കെയിൻ നീട്ടി പരുന്തിന്റെ താടിയിൽ ഒന്നു തട്ടി.
''അറിയില്ല സാർ..."
പരുന്ത് തലകുനിച്ചു.
പെട്ടെന്ന് അലിയാർ കൈവീശി ഒന്നു പൊട്ടിച്ചു. പരുന്തിന്റെ കവിളടക്കം. പടക്കം പൊട്ടുന്ന ഒച്ചയിൽ.
തന്റെ മുഖം കോടിപ്പോയതുപോലെ തോന്നി പരുന്തിന്.
''നീയൊക്കെ പിന്നെ ഇവിടെ വന്നതെന്തിനാടാ?"
പരുന്ത് മിണ്ടിയില്ല.
അലിയാർ പരിഹസിച്ചു.
''അവർ രണ്ടുപേരെയും കൊല്ലാൻ. അല്ലേ?"
''അകത്ത് കയറി നോക്ക്." സി.ഐ, പോലീസുകാർക്ക് കണ്ണുകൊണ്ട് ഒരടയാളം കാട്ടി.
അവർ അകത്തുകയറി. മിനുട്ടുകൾക്കുള്ളിൽ മടങ്ങിവന്നു.
''ആരും ഇല്ല സാർ."
സി.ഐ കനപ്പിച്ചു മൂളി.
''നടക്ക്."
എല്ലാവരെയും പോലീസ് സംഘം പുറത്തേക്കു നടത്തി.
ഗേറ്റിനു പുറത്തുകൂടിത്തന്നെ റോഡിലിറക്കി.
അവർ വന്ന ജീപ്പിലും തങ്ങളുടെ ബൊലേറോയിലുമായി കയറ്റി.
അടുത്ത നിമിഷം പരുന്തിന്റെ ഫോണിരമ്പി.
അലിയാർ കൈ നീട്ടി അതെടുത്തു. പരുന്തിന്റെ മുഖം വിളറി.
''എം.എൽ.എ കാളിംഗ്.."
ഫോണിൽ പേരു മിന്നുന്നത് അലിയാർ കണ്ടു.
കാൾ അറ്റന്റു ചെയ്തു.
''അവരെ തീർത്തോടാ..?"
കിടാവിന്റെ സ്വരം.
''തീർത്തില്ല. പലരും തീരുവാൻ സമയമായി..."
അലിയാർ പറഞ്ഞു.
അപ്പുറത്ത് മൗനം. പിന്നെ ചോദ്യം കേട്ടു.
''നീ ആരാ?"
''അങ്ങയുടെ ഒരു ആരാധകൻ. അങ്ങ് ചെയ്യുന്നത് ഓരോന്നും കണ്ടുപഠിക്കുന്നവൻ. പേര് അലിയാർ. സി.ഐ അലിയാർ."
അപ്പുറത്തെ നടുക്കം ഫോണിലൂടെ തിരിച്ചറിഞ്ഞു അയാൾ.
പെട്ടെന്നു കാൾ മുറിഞ്ഞു.
അലിയാർ ഗൂഢമായി ചിരിച്ചു.
അപ്പോൾ...
തീപ്പൊള്ളലേറ്റതുപോലെ ഫോൺ ടീപ്പോയിലേക്കു വയ്ക്കുകയായിരുന്നു എം.എൽ.എ ശ്രീനിവാസ കിടാവ്.
അയാൾക്കു മുന്നിൽ അപ്പോൾ ശേഖരകിടാവും ഉണ്ടായിരുന്നു.
ശേഖരൻ പകപ്പോടെ ഏട്ടനെ നോക്കി.
''എന്തുപറ്റി ചേട്ടാ?"
''അവൻ... പരുന്ത് റഷീദിപ്പോൾ അലിയാരുടെ കസ്റ്റഡിയിലാ.."
''ങ്‌ഹേ?"
ശേഖരൻ കിടുങ്ങി.
''കുഴപ്പമായല്ലോ..."
''ആയി. പരുന്ത് വാ തുറക്കരുത്. തുറന്നാൽ ഒരുപാട് സത്യങ്ങൾ അവൻ വിളിച്ചുപറയും. അത് പാടില്ല...."
''എന്തുചെയ്യും നമ്മൾ?"
അതിനു പെട്ടെന്നൊരു മറുപടി നൽകാൻ കഴിഞ്ഞില്ല കിടാവിന്.
നിലമ്പൂർ പോലീസ് സ്റ്റേഷൻ.
ഇരച്ചുവന്ന ബൊലേറോയും പരുന്തിന്റെ ജീപ്പും അവിടെ ബ്രേക്കിട്ടു.
''ഇങ്ങോട്ടെറങ്ങെടാ..."
പോലീസ് സംഘം പരുന്തിനെയും അനുചരരെയും വലിച്ചിറക്കി.
അവർ സെല്ലിനുള്ളിലായി.
സി.ഐ അലിയാർ തന്റെ തൊപ്പിയെടുത്ത് ടേബിളിനു പുറത്തുവച്ചു.
ശേഷം കൈ വിരലുകൾ ഒന്നു മടക്കി. മരക്കൊമ്പ് ഒടിയുന്നതുപോലെ ഞൊട്ടകൾ കേട്ടു.
പുറത്തെ തട്ടുകടയിൽ നിന്ന് ഒരു ചായ വരുത്തിക്കഴിച്ചു.
തുടർന്ന് ബസർ അമർത്തി.
ഹാഫ് ഡോർ കടന്നുവന്ന ഒരു പോലീസ് കോൺസ്റ്റബിൾ അറ്റൻഷനായി.
''സാർ..."
''പരുന്തിനെ പിന്നിലെ മുറിയിലേക്കു കൊണ്ടുവരൂ..."
''സാർ." അയാൾ പോയി.
രണ്ടു മിനിട്ടുകഴിഞ്ഞ് അലിയാർ അവിടേക്കു ചെന്നു.
എസ്.ഐ സുകേശിനും പോലീസുകാർക്കും ഇടയിൽ പരുന്ത് റഷീദ്.
അലിയാർ തന്റെ വാച്ച് അഴിച്ച് ഒരു കോൺസ്റ്റബിളിനെ ഏൽപ്പിച്ചു.
തല കുനിച്ചു നിന്നിരുന്ന പരുന്ത് പെട്ടെന്നു മുഖമുയർത്തി.
''സാറേ... എന്നെ തല്ലാനാണു ഭാവമെങ്കിൽ അത് വേണ്ടാ."
അയാളുടെ കണ്ണുകൾ കത്തി.
''സാറിന് പണികിട്ടുമേ..."
അലിയാരുടെ ഭാവം മാറി. മിന്നൽ വേഗത്തിൽ മുന്നോട്ടു കുതിച്ചതും കൈ ചുരുട്ടി ഒറ്റയിടി!
പരുന്തിന്റെ നെഞ്ചിനു മദ്ധ്യത്തിൽ...!
(തുടരും)