നടി, അവതാരക, നിർമ്മാതാവ്, നർത്തകി എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം നേടിയ താരമായിരുന്നു ദേവി അജിത്. 2000 മുതലാണ് ദേവി അജിത് സിനിമയിൽ സജീവമായത്. തമിഴിലും മലയാളത്തിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2000ൽ ബിജു മേനോൻ സംയുക്ത വർമ്മ എന്നിവരെ കേന്ദ്രകഥാപാത്രത്തിലെത്തിയ മഴ എന്ന സിനിമയിലൂടെയായിരുന്നു ദേവിയുടെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്മ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തെപ്പോലെ തന്നെ ദേവി അജിത്തിന് വാഹനങ്ങളും ഏറെ പ്രിയപ്പെട്ടതാണ്. ഡ്രൈവ് ചെയ്ത് ദൂരയാത്രകൾ പോകുന്നതും ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്നാണെന്ന് ദേവി അജിത് പറയുന്നു. ഇപ്പോഴിതാ തനിക്ക് ഡ്രൈവിംഗിനിടെ സംഭവിച്ച ഏറ്റവും മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് പരിപാടിയിലാണ് ദേവി ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ അംബാസഡറിലാണ് കാർ ഓടിക്കാൻ പഠിക്കുന്നത്. അന്ന് വലിയ മണ്ടത്തരമാണ് എനിക്ക് പറ്റിയത്. ഒരു ദിവസം അംബാസഡർ കാറിൽ ഞാൻ എന്റെ അച്ഛനെയും അമ്മയെയും അമ്മൂമ്മയെയും കൂട്ടി ഒരു യാത്ര പോയി. അന്ന് യാത്രക്കിടെ കാർ ചെറിയ ഒരു കൊക്കയിലേക്ക് തള്ളിയിട്ടു. എന്തോ ഭാഗ്യത്തിന് ആർക്കും ഒന്നും പറ്റിയില്ല. പക്ഷേ, അവർ ആ സംഭവത്തെ ഭയങ്കരമായി പെരുപ്പിച്ച് കാണിച്ചു. പിന്നീട് രണ്ട് വർഷം അവർ എന്നോടൊപ്പം വണ്ടിയിൽ വന്നിട്ടില്ല'- ദേവി പറഞ്ഞു.
വീഡിയോ
പിന്നീട് തന്നെ പേടിപ്പിച്ച ഒരു സംഭവം ബാഗ്ലൂരിലേക്കുള്ള ഡ്രൈവിംഗിനിടെയാണ്. കൊച്ചിയിൽ നിന്നാണ് യാത്ര തിരിച്ചത്. അന്ന് ഒപ്പം രണ്ട് ആൺകുട്ടികൾ ഉണ്ടായിരുന്നു. അവരുള്ളത് കൊണ്ട് മാറി മാറി വണ്ടി ഓടിക്കുമെന്ന് കരുതി. എന്നാൽ പാലക്കാട് വരെയേ അങ്ങനെ ഓടിച്ചിരുന്നുള്ളൂ. അവരെല്ലാവരും കാറിൽ നിന്ന് ഉറങ്ങി. പിന്നീട് അങ്ങോട്ട് ഞാൻ ഒറ്റയ്ക്ക് ഓടിക്കാൻ തുടങ്ങി. പോകുന്ന വഴിക്ക് ഒരു ഡീവിയേഷൻ കണ്ട് ഞാൻ കാർ അങ്ങോട്ടേക്ക് തിരിച്ചു. രാത്രിയായതിനാൽ ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. ശരിക്കും അന്ന് പെട്ടുപോയി. പിന്നീട് ലേലു അല്ലു ലേലു അല്ലു പോലുള്ള ഭാഷയൊക്കെ ഉപയോഗിച്ചാണ് വഴി മനസിലാക്കിയത്. തുടർന്ന് ആറ് മണിക്കൂർ കഴിഞ്ഞാണ് ഞങ്ങൾ ബാഗ്ലൂരിൽ എത്തിയത്- ദേവി പറഞ്ഞു.