തിരുവനന്തപുരം: സാധാരണക്കാരായ രോഗികളെ സംബന്ധിച്ച് അവർക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മരുന്നുകളുടെ വില. 18 മുതൽ 98 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭിക്കുന്നൊരു സർക്കാർ നിയന്ത്രിത സ്ഥാപനം കേരളത്തിലുണ്ടെന്ന് എത്രപേർക്കറിയാം? തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് കുറഞ്ഞ വിലയിൽ മരുന്നുകൾ വിൽക്കപ്പെടുന്നത്.
1993ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഇതിന് ശേഷമാണ് കാരുണ്യ, നീതി,മാവേലി സ്റ്റോറുകളൊക്കെ വന്നത്. ദൂരെസ്ഥലങ്ങളിൽ നിന്ന് പോലും നിരവധിപേരാണ് ഇവിടെ മരുന്ന് വാങ്ങാനായി വരുന്നത്. കാൻസർ,കിഡ്നി രോഗികൾക്കൊക്കെ ഏകദേശം പകുതിവിലയ്ക്കാണ് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്.
470000 രൂപയുടെ ഒരു മരുന്ന് 220000 രൂപയ്ക്ക് ഇവിടെ നിന്ന് കിട്ടും. കാൻസർ കിഡ്നി രോഗികളൊക്കെ ഉപയോഗിക്കുന്ന 1600 രൂപ വിലവരുന്ന ഒരു മരുന്ന് 142 രൂപയ്ക്ക് ലഭിക്കും. 470 രൂപ വിലയുള്ള അവർ സ്ഥിരമായി ഉപയോഗിക്കുന്ന അയൺ ഇഞ്ചക്ഷന് 48 രൂപയാണ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിലെ വില.
ഇടനിലക്കാരെ പൂർണ്ണമായി ഒഴിവാക്കി നേരിട്ട് കമ്പനികളിൽ നിന്ന് വരുന്നത് കൊണ്ടാണ് വിലകുറച്ച് നൽകാൻ സാധിക്കുന്നത്. വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമ്പോൾ അതിന്റെ ഗുണമേന്മയുടെ കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക ഉണ്ടാകും. എന്നാൽ മാർക്കറ്റിൽ സാധാരണയായി വിൽക്കുന്ന അതേ മരുന്നുകൾ തന്നെയാണ് ഇവിടെനിന്ന് നൽകുന്നതെന്ന് ചീഫ് ഫാർമസിസ്റ്റ് ബിജു .എ പറയുന്നു.രോഗികൾക്ക് മാത്രമല്ല സർക്കാർ ആശുപത്രികൾക്കും ഇവിടെ നിന്ന് മരുന്നുകൾ കൊടുക്കുന്നുണ്ട്.
മരുന്നിന്റെ വില വിവരം സാധാരണക്കാരിലെത്തിക്കാനായി ഒരു മൊബൈൽ ആപ്ലിക്കേഷനും ഇവർ ആരംഭിച്ചിട്ടുണ്ട്. സ്റ്റോക്ക് ഉള്ള മരുന്നുകൾ ഏതൊക്കെയാണെന്നും അത് മാർക്കറ്റിൽ എത്ര രൂപയ്ക്കാണ് വിൽക്കുന്നതെന്നും ഈ ആപ്ലിക്കേഷൻ വഴി മനസിലാക്കാം.