joker

കുവൈറ്റ് സിറ്റി: ബാറ്റ്മാന്റെ ആജീവനാന്ത ശത്രുവായ ജോക്കറിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുകയാണ്. വാക്വിൻ ഫീനിക്സ് നായകനായി എത്തി ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്ത 'ജോക്കർ' സിനിമാ പ്രേക്ഷകർ ഏറ്റെടുത്തതോടെയാണ് 'ജോക്കർ ഭ്രാന്ത്' വീണ്ടും ആൾക്കാരെ പിടികൂടിയിരിക്കുന്നത്. ഇക്കൂട്ടത്തിൽപ്പെട്ട ഒരാൾ ജോക്കറിന്റെ വേഷത്തിൽ കുവൈറ്റ് സിറ്റിയിൽ എത്തിയതിനെ കുറിച്ചാണ് ഇപ്പോഴത്തെ വാർത്തകൾ. ഏറെ നാളുകളായി സിറ്റിയുടെ പല ഭാഗത്തും ആൾക്കാർ ഇയാളെ കണ്ടിരുന്നു. വൈകുന്നേരങ്ങളിലാണ് ജോക്കർ വേഷത്തിൽ ഇയാൾ പ്രത്യക്ഷപ്പെടുക. സോഷ്യൽ മീഡിയയിലും ഇയാളുടെ വീഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു.

തുടർച്ചയായി ഇയാൾ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത് കണ്ട് സംശയം തോന്നിയ ചിലർ കുവൈറ്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതി ലഭിച്ച് അധികം താമസിയാതെ തന്നെ ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് ദുരുദ്ദേശമൊന്നും ഇല്ലെന്നും തമാശയ്ക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയതെന്നും പൊലീസിന് ബോധ്യപ്പെട്ടതിനാൽ ഇയാളെ പിന്നീട് വെറുതെ വിടുകയായിരുന്നു. ജോക്കർ ചിത്രം ഇറങ്ങിയത് മുതൽ അത് ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പഴി കേട്ടിരുന്നു. അതിനാൽ തന്നെ ഇത്തരത്തിൽ 'തമാശകൾ' കാട്ടുന്നവരെ ജനം സംശയത്തോടെയും പേടിയോടെയുമാണ് കാണുന്നത്.