ഡ്രാഗൺ ഫ്രൂട്ട് കേരളത്തിലെത്തിയിട്ട് അധികകാലമായില്ലെങ്കിലും മലയാളിക്കിത് പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ്. അലങ്കാര ചെടിയായും പഴവർഗമായും വളർത്താമെന്നതാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത. പ്രധാനമായും രണ്ടു തരത്തിലുള്ള പഴമാണ് കേരളത്തിലുള്ളത്. ഒന്ന് പഴത്തിന്റെ ഉള്ളിലുള്ള മാംസളഭാഗം വെളുത്തതായിരിക്കും, മറ്റേത് പിങ്ക് നിറത്തിലും. ഇന്നിപ്പോൾ ഏറ്റവുമധികം മാർക്കറ്റുള്ള പഴവിപണിയും ഡ്രാഗൺ ഫ്രൂട്ടിന്റേതാണ്. നട്ട് ഏകദേശം മൂന്നു നാലു വർഷത്തിനുള്ളിൽ ഇവ കായ്ഫലം തരും.
മൂപ്പെത്തിയ വള്ളികൾ മുട്ടുകളോടെ മുറിച്ച് മണൽ നിറച്ച ചെറുകവറുകളിൽ നട്ടുവളർത്തി ഒരു വർഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തി കൃഷി ചെയ്യാം. മാതൃസസ്യത്തിന്റെ കാണ്ഡമാണ് പുതിയ സസ്യങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഇതിനായി കാണ്ഡഭാഗം 20 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് പോട്ടിംഗ് മിക്സ്ചറിൽ വളർത്തിയെടുക്കാം. അതല്ലാതെ വിത്തുകളിൽ നിന്നും പുതിയ ചെടി വളർത്തിയെടുക്കാം. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്ണുമിശ്രിതത്തിലോ മുളപ്പിച്ചെടുക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. വലിയ ചെടിച്ചട്ടികളിൽ നട്ടാലും ഡ്രാഗൺ ഫ്രൂട്ട് വളരും. അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കുചേരുന്നത്. ചൂടുള്ള കാലാവസ്ഥയും ജൈവാംശം ഉള്ള മണൽമണ്ണുമാണ് ഡ്രാഗൺ ഫ്രൂട്ട് വളർത്തുവാനുള്ള ഉത്തമമായ സാഹചര്യം. കൂടാതെ ആവശ്യത്തിന് ജലം ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. അമിതമായി ജലസേചനം നൽകിയാൽ ഇവ നശിച്ചുപോകാൻ സാദ്ധ്യതയുണ്ട്. കാര്യമായി പരിചരണം ആവശ്യമില്ലെങ്കിൽ തന്നെ വേരുകളുടെ സാമീപ്യമുള്ളിടത്ത് ചാണകപ്പൊടി ചേർക്കുന്നത് വളർച്ച ത്വരിതപ്പെടും.
ചാണകപ്പൊടിയും കോഴിക്കാരവുമാണ് പ്രധാന ജൈവവളം. മണ്ണൊരുക്കിയതിന്ശേഷം 60 സെ. മീ നീളം, വീതി, താഴ്ച എന്ന അളവിൽ കുഴിയെടുക്കണം. ശേഷം മേൽമണ്ണും തയ്യാറാക്കി വെച്ചിരിക്കുന്ന വളവും നന്നായി ഇളക്കിചേർത്ത് കുഴി നിറക്കണം. കുഴികൾ തമ്മിൽ ഏഴ് അടിയും വരികൾ തമ്മിൽ ഒമ്പത് അടിയും വ്യത്യാസത്തിൽ വേണം ചെടികൾ നടാൻ. ചെടി വളർന്നു തുടങ്ങിയാൽ പടർന്നു കയറാനായി ഏഴ് അടിയെങ്കിലും നീളം വരുന്ന കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കണം. തുടർന്ന് ഓരോ തൂണുകൾക്കും മുകളിലായി ക്രോസ് ബാറിലോ ഇരുമ്പ് വളയത്തിലോ ഘടിപ്പിച്ച ഓരോ ടയർ സ്ഥാപിക്കണം. തൂണിനു മുകൾഭാഗം വരെ വളർന്നെത്തിയ ചെടികൾ ഈ ടയറുകൾക്കുള്ളിലൂടെ വളർന്ന് വരത്തക്കവിധം ഇതിനുള്ളിലൂടെ ബന്ധിക്കണം. വള്ളികൾ ടയറിനുള്ളിലൂടെ വളർന്നു താഴേക്ക് തൂങ്ങുന്ന വിധത്തിലായിരിക്കണം ചെടി പടർത്തേണ്ടത്. ഓരോ തൂണിലും രണ്ടു തൈകൾ വീതം നടാം. ഒരു ചെടിയിൽനിന്നും ഏകദേശം എട്ട് മുതൽ പത്തുവരെ കായ്കൾ ലഭിക്കും. വർഷത്തിൽ മൂന്നു നാലു തവണ ഇവയിൽ നിന്നും കായ്ഫലം ലഭിക്കാറുണ്ട്.