fake-vote

കാസർകോഡ്: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ യുവതി അതിന് ശ്രമിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞത്. ഒരു വീട്ടിൽ രണ്ടു നബീസമാർ ഉണ്ടായിരുന്നത് കൊണ്ട് വോട്ട് ചെയ്യാനായി കൊണ്ടുവന്ന സ്ലിപ്പ് മാറിപ്പോയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ള ബാക്ര ബയൽ സ്‌കൂളിലെ 42ാം പോളിംഗ്‌ ബൂത്തിൽ വച്ച് നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ ആൾമാറാട്ട കുറ്റം ചുമത്തിയിട്ടുണ്ട്. നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹം കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു.

നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. പ്രിസൈഡിങ് ഒാഫീസർ പൊലീസിന് പരാതി നൽകിയതിനാലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.