കോഴിക്കോട്: സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ അഡ്വക്കേറ്റിനെ വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു, അറിയില്ലെന്ന് പ്രതി മറുപടി നൽകിയതിനെത്തുടർന്ന് കോടതി സൗജന്യ നിയമ സഹായം അനുവദിക്കുകയായിരുന്നു.
സിലി വധക്കേസിൽ മാത്രമാണ് കോടതി ഇപ്പോൾ അഭിഭാഷകനെ അനുവദിച്ചിരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റുമായി ജോളിയെ ആറ് ദിവസം കസ്റ്റഡിയിൽ വിട്ടു. തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും ചികിത്സ വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്നും, അവർ നൽകിയ വെള്ളം കുടിച്ചതോടെയാണ് സിലിയുടെ ബോധം മറഞ്ഞതെന്നും മൂത്ത മകൻ അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു.
താമരശേരി പാരിഷ് ഹാളിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം സമീപത്തെ ദന്തൽ ക്ലിനിക്കിൽ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയ മകനും സിലിയുടെ മകനും എത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ഇവിടെവച്ചാണ് സിലി കൊല്ലപ്പെട്ടത്. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു.