ന്യൂഡൽഹി : കാമുകൻ ഉപദേശിച്ചു കൊടുത്ത ബുദ്ധിയിൽ ഭർത്താവിനെ കൊലപ്പെടുത്താൻ കൂട്ടു നിന്ന ഭാര്യ അറസ്റ്റിൽ. ന്യൂഡൽഹിയിലെ രാജേന്ദർ നഗറിലാണ് സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. നാൽപ്പതുകാരനായ ദയറാമിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ ഭാര്യ അനിതയും കാമുകൻ ആർജുനും പിടിയിലായത്. ബംഗാൾ സ്വദേശിയാണ് മുപ്പത്തിനാല്കാരനായ അർജുൻ. നാല് വർഷമായി അർജുനുമായി അനിത അടുപ്പത്തിലായിരുന്നു.
ദയാറാം ജോലിക്കായി രാവിലെ വീട്ടിൽ നിന്നും പോകുന്ന സമയത്താണ് യുവതി അർജുനുമായി അടുത്തത്, അയൽ വീട്ടിലായിരുന്നു ഇയാളുടെ താമസം. വിവാഹിതനായിരുന്ന അർജുന്റെ കുടുംബം ബംഗാളിലായിരുന്നു, ഇയാൾക്ക് കുടുംബം ഉണ്ടെന്ന് മനസിലാക്കിയിട്ടും ബന്ധത്തിൽ നിന്നും പിന്മാറാൻ അനിത ഒരുക്കമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ ഭാര്യയുടെ വഴിവിട്ട ബന്ധത്തെക്കുറിച്ച് ദയാറാമിന് സംശയമുണ്ടാവുകയും, ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കുവാൻ അനിത തീരുമാനിച്ചത്. ഇതിനായി ഇരുവരും ചേർന്ന് പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു.
ദയറാമുമായി ഒരു പാർട്ടിക്ക് പോയി മടങ്ങും വഴി നിർബന്ധിപ്പിച്ച് മദ്യം കുടുപ്പിച്ച ശേഷം അർജുൻ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ഇയാളെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ഇതിനുശേഷം തെളിവ് നശിപ്പിക്കുവാനായി അർജുൻ ചെയ്ത കാര്യങ്ങളാണ് പൊലീസിന് പ്രതിയെ എളുപ്പം പിടികൂടുവാൻ സഹായിച്ചത്. ദയറാമിന്റെ ഫോണിലെ ബാറ്ററി എടുത്തു മാറ്റിയ ശേഷം ഫോൺ ഇയാൾ കാമുകിക്ക് നൽകുകയായിരുന്നു. പോലീസ് ഫോണിനെ കുറിച്ച് ചോദിച്ചാൽ ഫോൺ കൊണ്ടുപോയില്ലെന്ന് പറയണമെന്നും അർജുൻ അനിതയോട് പറഞ്ഞിരുന്നു.
കൊലപാതകത്തിന്റെ പിറ്റേ ദിവസം നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ദയാറാമിന്റെ മൃതദേഹത്തിന് അരികിൽ നിന്നും ബാഗും ബാറ്ററിയും കണ്ടെത്തിയിരുന്നു. ബാഗിൽ നിന്നും കിട്ടിയ കടലാസുകളിൽ നിന്നും തുടങ്ങിയ അന്വേഷണത്തിൽ ദയാറാമാണ് കൊല്ലപ്പെട്ടതെന്ന് പൊലാസിന് മനസിലായി. തുടർന്ന് അനിതയെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായി മറുപടിയാണ് ലഭിച്ചത്. ദയാറാമിന്റെയും അനിതയുടെയും ഫോൺകോൾ രേഖകളിൽ നിന്നും അർജുനിലേക്ക് പൊലീസ് അന്വേഷണം എത്തുകയും ഇരുവർക്കും തമ്മിൽ ബന്ധമുണ്ടെന്ന് മനസിലാക്കുകയുമായിരുന്നു. ഏറെ നാളത്തെ ആസൂത്രണത്തോടെ നടപ്പിലാക്കിയ ക്രൂരകൃത്യം ദിവസങ്ങൾക്കകം പൊളിച്ചടുക്കി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.