കാൻബെറ: ആസ്ട്രേലിയയിൽ ഇന്നലെ ഇറങ്ങിയ എല്ലാ പത്രങ്ങളുടെയും ഒന്നാംപുറം ഒഴിഞ്ഞാണ് കിടന്നിരുന്നത്. വിസിൽ ബ്ലോയിംഗിനും പത്രപ്രവർത്തനത്തിനും കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന രാജ്യത്തെ ഫെഡറൽ സർക്കാരുകളുടെ നീക്കങ്ങൾക്കെതിരെയാണ് ഇൗ ഒന്നുമില്ലാത്ത ഒന്നാം പേജ് പ്രതിഷേധം.
എ.ബി.സിയുടെ സിഡ്‌നി ആസ്ഥാനത്തും ന്യൂസ് കോർപ്പ് ജേർണലിസ്റ്റിന്റെ വീട്ടിലും ജൂണിൽ നടത്തിയ റെയ്ഡുകളെ തുടർന്നാണ് ഒന്നിച്ച് പ്രതിഷേധിച്ചത്. അതിന്റെ നിയമസാധുത ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. സിഡ്നി മോർണിംഗ് ഹെറാൾഡ്, ദ ഏജ്, ദ ആസ്ട്രേലിയൻ, ഫിനാൻഷ്യൽ റിവ്യു, ഹെരാൾഡ് സൺ തുടങ്ങിയ പത്രങ്ങളാണ് ഒന്നാംപേജ് ഒഴിച്ചിട്ട് തങ്ങളുടെ സ്വാതന്ത്ര്യാവകാശസമരം നടത്തിയത്.
ആസ്‌ട്രേലിയൻ സീക്രട്ട് ഇന്റലിജൻസ് സർവീസ് ഓഫീസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സാക്ഷിക്കും അദ്ദേഹത്തിന്റെ അഭിഭാഷകനായ ബെർണാഡ് കൊളറിനും തടവുശിക്ഷ നൽകിയിരുന്നു. ആസ്‌ട്രേലിയൻ ടാക്സ് ഓഫീസ് അധികാര ദുർവിനിയോഗം നടത്തിയെന്നു വെളിപ്പെടുത്തിയ വിസിൽബ്ലോവർ (ഒരു സ്വകാര്യ, പൊതുസ്ഥാപനത്തിലെ അഴിമതിക്കഥകൾ പുറംലോകത്തെത്തിക്കുന്ന ആൾ) റിച്ചാർഡ് ബോയലിനു 161 വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചത്. വിസിൽ ബ്ലോവർമാർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുക, പൊതുവിവരങ്ങൾ സ്വതന്ത്രമായി ലഭ്യമാക്കുക, മാനനഷ്ടവുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുക, സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാനുള്ള മാദ്ധ്യമ സ്വാതന്ത്ര്യത്തിൽ കടന്നുകയറാതിരിക്കുക, തങ്ങളുടെ ജോലി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താൽ അവരെ ജയിലിൽ അടയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മാദ്ധ്യമങ്ങൾ ഉയർത്തുന്നത്.