മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ താരതമ്യേന ചെറിയവേഷങ്ങളിലും പിന്നീട് തമാശയുടെ രസച്ചരട് കോർത്തും സിദ്ദിഖ് മലയാളികളുടെ മനസിൽ വളരെ പെട്ടെന്ന് ഇടം നേടുകയായിരുന്നു. ഇന്ന് മലയാളത്തിലെ അനിഷേധ്യരായ അഭിനയ പ്രതിഭകളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഷഹീൻ സിദ്ദിഖും സിനിമയിലേക്ക് ചുവടു വച്ചു കഴിഞ്ഞു. മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ പത്തേമാരിയിലൂടെ അഭിനയ ലോകത്തെത്തിയ ഷഹീൻ തുടർന്ന് മമ്മൂട്ടിയുടെ തന്നെ കസബ, കുട്ടനാടൻ ബ്ളോഗ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
താൻ നായകനായി എത്തുന്ന ചിത്രം 'ഒരു കടത്ത് നാടൻ കഥ'യുടെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവച്ച ഷഹീന്, അതിലെറെ പറയാനുണ്ടായിരുന്നത് വാപ്പച്ചിയുടെ വിശേഷങ്ങളായിരുന്നു. ഷൂട്ടിംഗ് സെറ്റുകളിലൊക്കെ അൽപം ഗൗരവക്കാരനാണെങ്കിലും വീട്ടിൽ വന്നുകഴിഞ്ഞാൽ ഒരുപാട് തമാശ പറയുന്ന ആളാണ് വാപ്പച്ചിയെന്ന് ഷഹീൻ പറയുന്നു.
സിനിമയിൽ ഏറ്റവുമധികം സൗഹൃദമുള്ളത് നടൻ മുകേഷിന്റെ മകൻ ശ്രാവണുമായിട്ടാണ്. എന്നാൽ തന്നെ അത്ഭുതപ്പെടുത്തിയ യുവനടന്മാരിൽ ഒരാൾ അജു വർഗീസ് ആണെന്ന് ഷഹീൻ വ്യക്തമാക്കി. 'നല്ലൊരു ആക്‌ടറാണ് അദ്ദേഹം. അജു ചേട്ടന്റെ പ്രധാന കഴിവെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഫ്രണ്ട്‌ഷിപ്പ് സർക്കിളാണ്. എല്ലാവരുമായിട്ടും അജു ചേട്ടൻ ഫ്രണ്ട്‌ലിയാണ്. എനിക്ക് വല്യ അത്ഭുതം അജു ചേട്ടൻ എന്റെ വാപ്പച്ചിയുടെയും ഫ്രണ്ട് ആണെന്നതിലാണ്. കാരണം വാപ്പച്ചിയുടെ അടുത്ത് നല്ല ഫ്രണ്ട്‌ലിയാകാൻ അത്ര ഈസിയല്ല. പക്ഷേ ചേട്ടൻ നല്ല ക്ളോസാണ്'-ഷഹീൻ പറയുന്നു.