mamankam

കൊച്ചി: മലയാളത്തിലിറങ്ങിയതിൽ ഏറ്റവും നൈസർഗികമായി ചിത്രീകരിച്ച സിനിമയാണ് മാമാങ്കമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമ ചരിത്രമായി മാറും.

"മാമാങ്ക"ത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാന്റ് ഹയാത്ത് ബോൾഗാട്ടിയിൽ നടന്ന ചടങ്ങിൽ ഗാനങ്ങളുടെ സി.ഡി ജസ്റ്റിസ് സിറിയക് ജോസഫിനും സംവിധായകൻ ഹരിഹരനും കൈമാറി മമ്മൂട്ടി പ്രകാശനം ചെയ്തു.

എം. ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച് റഫീഖ് അഹമ്മദ് വരികളെഴുതി ശ്രേയഘോഷാൽ ആലപിച്ച മൂക്കുത്തി എന്ന ഗാനം ചടങ്ങിലും യൂട്യൂബിലും ഒരേസമയം പുറത്തിറക്കി. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ താരങ്ങളായ ടൊവിനോ തോമസും സംയുക്ത മേനോനും ചേർന്ന് പ്രേക്ഷകർക്ക് സമർപ്പിച്ചു.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറാണ്. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ സിനിമയുടെ പ്രോട്ടോക്കോളിന് അകത്ത് നിന്നാണ് മാമാങ്കം സിനിമ നിർമ്മിച്ചതെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. നെട്ടൂരിൽ നാല് ഏക്കറിൽ വീടും 18 ഏക്കറിൽ യുദ്ധഭൂമിയും സെറ്റിടുകയായിരുന്നു. ഇതിലൂടെ നിരവധി പേർക്ക് ജോലി നൽകി​. സിനിമയിൽ നിരവധി പുതുമുഖങ്ങൾക്കും അവസരം നൽകാനായെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംവിധായകൻ ഹരിഹരനെ ആദരിച്ചു.

ഹൈബി ഈഡൻ എം.പി,​ പി. രാജീവ്,​ സംവിധായകരായ സിബി മലയിൽ,​ ബ്ളസി,​ ലാൽജോസ്,​ നിർമ്മാതാക്കളായ സിയാദ് കോക്കർ,​ ലിബർട്ടി ബഷീർ,​ സോഹൻ റോയ്,​ അഭിനേതാക്കളായ ഉണ്ണി മുകുന്ദൻ,​ പ്രാചി തഹ്‌ലാൻ,​ അനു സിതാര,​ അച്യുതൻ,​ സണ്ണി വയ്ൻ തുടങ്ങിയവർ പങ്കെടുത്തു.

പതി​നാറ്, പതി​നേഴ് നൂറ്റാണ്ടുകളി​ൽ മലപ്പുറം ജി​ല്ലയി​ലെ തി​രുന്നാവായി​ൽ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ‌് ചിത്രത്തിൽ പറയുന്നത‌്. സാഞ്ചിത് ബൽഹാര,​ അംഗിത് ബൽഹാര എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ശ്യാം കൗശൽ ആക്‌ഷൻ കൊറിയോഗ്രഫിയും മനോജ് പിള്ള ഛായാഗ്രഹണവും നിർവഹിച്ച ചിത്രം രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റിലീസിന് തയ്യാറായത്.