infosys

ബംഗളൂരു: ഐ.ടി രംഗത്ത് ഇന്ത്യയുടെ അഭിമാന കമ്പനികളിലൊന്നായ ഇൻഫോസിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാർ രംഗത്ത്. ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി.എഫ്.ഒ) നിലഞ്ജൻ റോയ് എന്നിവർ കമ്പനിയുടെ ഹ്രസ്വകാല വരുമാനവും ലാഭവും വർദ്ധിപ്പിക്കാൻ കഴിഞ്ഞ ഒട്ടേറെ ത്രൈമാസങ്ങളിൽ അനധികൃത (അൺഎത്തിക്കൽ) നടപടികളെടുത്തു എന്നാണ് ആരോപണം.

ഇതു സംബന്ധിച്ച പരാതി 'അജ്ഞാത ജീവനക്കാർ" ഇൻഫോസിസ് ഡയറക്‌ടർ ബോർഡിന് പുറമേ ഇൻഫോസിസിന്റെ പ്രധാന വിപണിയായ അമേരിക്കയിലെ സെക്യൂരിറ്രീസ് ആൻഡ് എക്‌സ്‌ചേ‌ഞ്ച് കമ്മിഷനും നൽകിയിട്ടുണ്ട്. തെളിവുകൾ ഇ-മെയിലുകളായും സി.ഇ.ഒയുടെ സംഭാഷണങ്ങളുടെ ഓഡിയോ ക്ളിപ്പുകളായും കൈവശമുണ്ടെന്നും പരാതിയിലുണ്ട്.

വെരിസോൺ, ഇന്റൽ, ജപ്പാനിലെ സംയുക്തസംരംഭം എന്നിവയുമായുള്ള സഹകരണം, എ.ബി.എൻ ആംറോ ഏറ്റെടുക്കൽ എന്നീ നടപടികളിലും അനധികൃത ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

ജീവനക്കാരുടെ പരാതി കമ്പനിയുടെ ഓഡിറ്ര് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും നിയമാനുസൃതമായി ഇതു കൈകാര്യം ചെയ്യുമെന്നും ഡയറക്‌ടർ ബോർഡ് വ്യക്തമാക്കി.

ഇൻഫോസിസിൽ ക്രമക്കേടുകൾ സംബന്ധിച്ച് പരാതി ഉയരുന്നത് ഇതാദ്യമല്ല. വിശാൽ സീക്ക സി.ഇ.ഒ ആയിരിക്കേ, കമ്പനിയുടെ നടപടിക്രമങ്ങൾ സുതാര്യമല്ലെന്നും തലപ്പത്തുള്ളവർ അധികമായി വേതനം പറ്രുന്നുവെന്നും സഹസ്ഥാപകനും മുൻ ചെയർമാനുമായിരുന്ന എൻ.ആർ. നാരായണമൂർത്തി ആരോപിച്ചിരുന്നു. വിശാൽ സീക്കയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നു. തുടർന്നാണ്, സഹസ്ഥാപകരിൽ ഒരാളായ നന്ദൻ നിലേക്കനി നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും ഇൻഫോസിസിലെത്തിയത്.