exam

തിരുവനന്തപുരം : പ്രശസ്ത സംഗീതജ്ഞൻ എം.ഡി രാമനാഥന്റെ സ്മാരകമായി പാലക്കാട്ട് സാംസ്‌കാരിക നിലയം പണിത് അദ്ദേഹത്തിന്റെ സംഗീത പൈതൃകത്തെ നിലനിറുത്താൻ നടപടി സ്വീകരിച്ചതിൽ എം.ഡി രാമനാഥന്റെ മകൻ ബാലാജി രാമാനന്ദൻ സർക്കാരിന് നന്ദി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ബാലനും നന്ദി അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. 'എന്റെ വന്ദ്യപിതാവ് കർണാടക സംഗീതത്തിന് നൽകിയ സംഭാവനകളെ കേരള സർക്കാർ ആദരിച്ചതിന് മാതാവ് വിശാലം രാമനാഥന്റെ പേരിൽ ഞാൻ ആത്മാർത്ഥമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. 1968 ൽ സംസ്ഥാന അവാർഡ് നൽകികൊണ്ട് എന്റെ പിതാവിനെ ആദ്യമായി അംഗീകരിച്ചത് കേരള സർക്കാരായിരുന്നു. അന്ന് ആ അവാർഡിന് അദ്ദേഹം സ്‌നേഹവും നന്ദിയും അറിയിച്ചത് ഇപ്പോഴും എന്റെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇപ്പോൾ 50 വർഷത്തിന് ശേഷം ഒരുക്കുന്ന സ്മാരകം അദ്ദേഹത്തിന്റെ സംഗീത പൈതൃകത്തെ പ്രോജ്വലിപ്പിക്കുന്നതാണ്.' ഇങ്ങനെ തുടരുന്ന കത്ത് സർക്കാരിനുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. കത്തിലെ ഓരോ വാക്കുകളും സർക്കാരിനുള്ള അംഗീകാരവും കലാകാരന്മാർക്ക് സർക്കാർ നൽകുന്ന സ്‌നേഹത്തിന്റെയും ആദരത്തിന്റെയും പ്രതീകവുമാണെന്ന് എ.കെ ബാലൻ ഫേസ്ബുക്കിൽ കുറിച്ചു.