ന്യൂഡൽഹി: പാക് പഞ്ചാബിലെ കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്ക് കർത്താർപൂർ ഇടനാഴി വഴി സിക്ക് തീർത്ഥാടകരുടെ യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള കരാറിൽ ഇന്ത്യ ഇന്ന് ഒപ്പുവയ്ക്കും. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർത്താർപൂർ ഇടനാഴി വഴിയുള്ള യാത്രയ്ക്ക് പാകിസ്ഥാൻ ഫീസിനത്തിൽ 1400ഓളം രൂപ ഈടാക്കുന്നതിൽ അസംതൃപ്തി ഉണ്ടെന്നും എന്നിരുന്നാലും കരാറുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു.
അടുത്തമാസം ഒമ്പതിനാണ് കർത്താർപൂർ ഇടനാഴി തീർത്ഥാടകർക്കായി തുറന്നുകൊടുക്കുന്നത്. ഇന്ത്യയിൽനിന്നുള്ള തീർത്ഥാടകർക്ക് വിസകൂടാതെ ഗുരുദ്വാരയിൽ സന്ദർശനം നടത്താമെന്ന് ഇന്ത്യയും പാകിസ്ഥാനും ചേർന്ന് കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. യാത്രയ്ക്കായി തീർത്ഥാടകർ തങ്ങളുടെ പാസ്പോർട്ട് മാത്രം കൈവശംവച്ചാൽ മതിയായിരുന്നു. എല്ലാദിവസവും 5000 തീർത്ഥാടകർക്കാണ് ഇടനാഴി വഴിയുള്ള യാത്രാനുമതി. പ്രത്യേക ദിവസങ്ങളിൽ ഇത് വർദ്ധിപ്പിക്കും. അതേസമയം, പാകിസ്ഥാൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണെന്നും തീരുമാനത്തിൽനിന്ന് പിന്മാറണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗും കേന്ദ്രമന്ത്രി ഹർസിംരത് കൗർ ബാദലും ആവശ്യപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ മൻമോഹൻ സിംഗ് പങ്കെടുക്കില്ല
ന്യൂഡൽഹി: പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് കർത്താർപൂർ ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള വിശിഷ്ട വ്യക്തികളോടൊപ്പം ഒരു തീർത്ഥാടകനായി സിംഗ് കർത്താർപൂർ ഗുരുദ്വാര സന്ദർശിക്കും. ഉദ്ഘാടന ചടങ്ങിൽ സിംഗ് പങ്കെടുക്കണമെങ്കിൽ ക്ഷണം ഇന്ത്യയിൽ നിന്നുള്ളതാകണമെന്നും പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ഒരിക്കൽ പോലും അദ്ദേഹം പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ലെന്നും ഝാ പറഞ്ഞു. ഉദ്ഘാടനത്തിന് മൻമോഹൻ സിംഗിനെ ക്ഷണിച്ചെന്നും അദ്ദേഹം സ്വീകരിച്ചെന്നും പാക് വിദേശകാര്യ മന്തി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞതിനു പിന്നാലെയാണ് ഈ വിശദീകരണം.