india-

ന്യൂഡൽഹി: അടുത്ത അഞ്ചുവർഷക്കാലം ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുക ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങൾ. ഇതിൽ, ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിക്കുമെന്നും അമേരിക്കയും ചൈനയും ബ്രിട്ടനും തളരുമെന്നും ബ്ലൂംബെർഗ് തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്. അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്) പുറത്തുവിട്ട, ഓരോ രാജ്യങ്ങളുടെയും വളർച്ചാ പ്രതീക്ഷകൾ വിലയിരുത്തിയാണ് ബ്ളൂംബെർഗ് റിപ്പോർട്ട്.

നടപ്പുവർഷം ആഗോള സമ്പദ്‌വളർച്ച മൂന്നു ശതമാനത്തിലേക്ക് ഇടിയും. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തിന് ശേഷമുള്ള ഏറ്റവും മോശം വളർച്ചയായിരിക്കും അത്. 2024ലേക്ക് കടക്കുമ്പോൾ വളർച്ച കൂടുതൽ ഇടിയും. ലോകത്തെ 90 ശതമാനം മേഖലകളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും.

അടുത്ത അഞ്ചുവർഷക്കാലയളവിലും ആഗോള ജി.ഡി.പിയിൽ ഏറ്റവും ഉയർന്ന പങ്കുവഹിക്കുന്നത് ചൈന തന്നെയായിരിക്കും. എന്നാൽ, ചൈനയുടെ പങ്കാളിത്തം 2018-19ലെ 32.7 ശതമാനത്തിൽ നിന്ന് 28.3 ശതമാനമായി താഴും. രണ്ടാംസ്ഥാനത്തുള്ള അമേരിക്ക, ഇക്കാലയളവിൽ ഇന്ത്യയ്ക്ക് പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് വീഴും. 13.8 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായാണ് 2024ൽ അമേരിക്കയുടെ പങ്കാളിത്തം കുറയുക.

15.5 ശതമാനം സംഭാവനയുമായാണ് അമേരിക്കയെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനം നേടുക. ഈ നേട്ടം അഞ്ചുവർഷത്തോളം ഇന്ത്യ നിലനിറുത്തുമെന്നും റിപ്പോർട്ടിലുണ്ട്. പങ്കാളിത്തം 2019ലെ 3.9 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി 2024ൽ താഴുമെങ്കിലും ഇൻഡോനേഷ്യ നാലാംസ്ഥാനം നേടും. രണ്ടു ശതമാനം സംഭാവനയുമായി റഷ്യ അഞ്ചാംസ്ഥാനം അലങ്കരിക്കും.

11-ാം സ്ഥാനത്തു നിന്ന് ബ്രസീൽ ആറാംസ്ഥാനത്തേക്ക് ഉയരും. 1.6 ശതമാനം പങ്കാളിത്തവുമായി ജർമ്മനി ഏഴാംസ്ഥാനത്ത് തുടരും. ജപ്പാനാണ് ഒമ്പതാം സ്ഥാനത്ത്. ബ്രെക്‌സിറ്ര് തിരിച്ചടിയിൽ ഉലയുന്ന ബ്രിട്ടൻ, ഒമ്പതാം സ്ഥാനത്തു നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

ടർക്കി, മെക്‌സിക്കോ, പാകിസ്ഥാൻ, സൗദി അറേബ്യ എന്നിവയാണ് ടോപ് 20 പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ. നേരത്തേ പട്ടികയിൽ ഉണ്ടായിരുന്ന സ്‌പെയിൻ, പോളണ്ട്, കാനഡ, വിയറ്ര്‌നാം എന്നിവ പുതിയ പട്ടികയിൽ നിന്ന് പുറത്തായി.