satyapal-malik

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച പാക് ആക്രമണങ്ങൾക്ക് മുന്നറിയിപ്പുമായി ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്ക് രംഗത്ത്. ഭീകരർക്കു സഹായം നൽകുന്നത് പാകിസ്ഥാൻ തുടരുകയാണെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഭീകരകേന്ദ്രങ്ങൾ തകർത്തെറിയാൻ ഇന്ത്യ ഇനിയും മടിക്കില്ലെന്നു സത്യപാൽ മാലിക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാക് ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാനും ഗവർണർ മറന്നില്ല.

ഭീകരതയെ അനുകൂലിക്കുന്ന സമീപനമാണു പാക്കിസ്ഥാൻ കൈക്കൊള്ളുന്നതെങ്കിൽ ഇതുവരെ സംഭവിച്ചതിനെക്കാൾ മോശമാകും ഇനി സംഭവിക്കാനിരിക്കുകയെന്നും മാലിക്ക് കൂട്ടിച്ചേർത്തു. സ്വന്തം മണ്ണിൽ നടക്കുന്ന ഭീകരപ്രവർത്തനത്തിനു തടയിടാൻ ചെറുവിരൽ പാകിസ്ഥാൻ അനക്കുന്നില്ലെങ്കിൽ പാക്ക് അധിനവേശ കശ്മീരിൽ പ്രവേശിച്ച് ഇന്ത്യൻ സൈന്യം അത് ചെയ്യുമെന്നും കാശ്മീർ ഗവർണർ മുന്നറിയിപ്പ് നൽകി.

പാകിസ്ഥാന്റെ പത്തിലധികം സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചെന്ന വാർത്ത കരസേന സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗവർണരുടെ പ്രസ്താവന. പാകിസ്ഥാനിലെ മൂന്നിലധികം ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തെന്നും പത്തിലധികം ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക മേധാവി ജനറൽ ബിബിൻ റാവത്ത് കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു. നുഴഞ്ഞു കയറ്റം തടയാനായിരുന്നു കരസേനയുടെ ശ്രമം. അതിർത്തിയിൽ സമാധാനം ഇല്ലാതാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കരസേനയുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും ബിബിൻ റാവത്ത് പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് പാകിസ്ഥാൻ അധീന കാശ്മീരിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത്. തൻഘാറിൽ വച്ച് തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്. ആക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ നീലം താഴ്‌വരയിലുള്ള ഭീകരരുടെ നാല് ലോഞ്ച് പാഡുകളും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.പാക് അധീന പ്രദേശമായ ഇവിടെ പ്രവർത്തിക്കുന്ന ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായം ചെയ്യുന്ന പാക് സൈന്യത്തിന്റെ പ്രവണതയ്ക്കുള്ള പ്രതികരണമാണ് ഇതെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.