തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ വിനോദ സഞ്ചാര മേഖലകളിൽ പോകുന്നതും നദികളിൽ ഇറങ്ങുന്നതും നിരോധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്വാറി പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനും നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം മുന്നിൽകണ്ട് ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും 24 മണിക്കൂറും പ്രവർത്തിക്കും. സർക്കാർ ഉദ്യോഗസ്ഥരോട് ജില്ലവിട്ട് പോകരുതെന്നും ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചു. ഡെപ്യൂട്ടി കളക്ടർ അനു എസ്. നായരുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.