heavy-rain-

തിരുവനന്തപുരം: കനത്ത മഴതുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ചൊവ്വാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിനെതുടർന്ന് ചൊവ്വാഴ്ച എറണാകുളം,​ തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി നൽകി.

മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒക്ടോബർ 23 ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്‌ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 205 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് (അതിതീവ്ര മഴ) പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കുവാനും അപകട മേഖലയിലുള്ളവരെ സുരക്ഷിതമായ ക്യാമ്പുകൾ ഒരുക്കി മാറ്റിത്താമസിപ്പിക്കുകയും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വൈകുന്നേരങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്‌.