primier-legue

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളും സീസണിൽ മോശം ഫോമിലുള്ള മാഞ്ചസ്റ്രർ യുണൈറ്രഡും ഓരോഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. സീസണിൽ ലിവർപൂളിന് വിജയം നേടാനാകാത്ത ആദ്യ മത്സരമാണിത്. യുണൈറ്രഡിന്റെ തട്ടകമായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 36-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡ് നേടിയ ഗോളിൽ ആതിഥേയരാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ യുണൈറ്രഡ് ജയമുറപ്പിച്ചിരിക്കെ പകരക്കാരനായിറങ്ങിയ ആദം ലല്ലാന 85-ാം മിനിട്ടിൽ നേടിയ ക്ലോസ് റേഞ്ച് ഗോളിലൂടെ ലിവർപൂൾ സമനിലപിടിക്കുകയായിരുന്നു. നേരത്തേ സാഡിയോ മനേ ലിവർപൂളിനായി യുണൈറ്രഡിന്റെ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഹാൻഡ് ബാൾ വിളിച്ചു. 9 മത്സരങ്ങളിൽ 25 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് രണ്ടാം സ്ഥാനത്തുള്ള സിറ്റിയെക്കാൾ 6 പോയിന്റിന്റെ ലീഡുണ്ട്. 9 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള യുണൈറ്രഡ് 13-ാം സ്ഥാനത്താണ്.