കോഴിക്കോട്: ഗുരുവായൂരപ്പന് ഭക്തൻ സമർപ്പിച്ച ഭൂമി ലേലം ചെയ്യാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി. വെസ്റ്റ്ഹിൽ പി.ഡബ്ളിയു.ഡി ഗസ്റ്റ് ഹൗസിന് സമീപത്തെ 3.27 സെന്റ് സ്ഥലവും കെട്ടിടവുമാണ് ലേലത്തിന് വച്ചത്. പുതിയങ്ങാടി വില്ലേജിൽ സർവേ നമ്പർ 146/2ൽ പെട്ടതാണ് സ്ഥലം. പരസ്യലേലം 23ന് ഉച്ചയ്ക്ക് 12ന് പ്രസ്തുത സ്ഥലത്ത് നടക്കുമെന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചത്.
അതിനിടെ, ദേവസ്വം ബോർഡിന്റെ നീക്കത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. പ്രവർത്തകർ സ്ഥലത്തെ കെട്ടിടത്തിൽ കാവിക്കൊടി നാട്ടി ഗുരുവായൂർ ക്ഷേത്ര ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഉദ്ഘാടനം ചെയ്തു.