election

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. ഹരിയാനയും മഹാരാഷ്ട്രയും ബി.ജെ.പി തൂത്തുവാരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ.

റിപ്പബ്ലിക് ടിവി- ജൻ കി ബാത് എക്സിറ്റ് പോൾപ്രകാരം ഹരിയാനയിൽ ബി.ജെ.പി 52-63 സീറ്റുകൾ വരെ നേടും. കോൺഗ്രസ് - 15-19, ജെജെപി- 5-9, ഐ.എൻ.എൽ.ഡി 0-1, മറ്റുള്ളവർ 7-9 വീതം സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

മഹാരാഷ്ട്രയിൽ ബിജെപി ശിവസേനാ സഖ്യം 166 മുതൽ 194 വരെ സീറ്റുകൾ സ്വന്തമാക്കുമെന്ന് ഇന്ത്യാ ടുഡേ- സീ വോട്ടർ എക്സിറ്റ് പോൾ പ്രവചനം. കോൺഗ്രസ് സഖ്യം 72 മുതൽ 90 സീറ്റുകൾ വരെ നേടും. മറ്റുള്ളവർക്ക് 22 മുതൽ 23 വരെ സീറ്റുകൾ ലഭിച്ചേക്കും.


ഹരിയാനയിൽ ബി.ജെ.പി 75 സീറ്റുകൾ നേടുമെന്ന് ന്യൂസ് 18- ഐ.പി.എസ്.ഒ.എസ് സർവേ പറയുന്നു. കോൺഗ്രസ്- 10, ജെ.ജെ.പി-2, മറ്റുള്ളവർ- 3 എന്നിങ്ങനെ സീറ്റുകൾ നേടും. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേനാ സഖ്യത്തിനായിരിക്കും വിജയമെന്നും സർവേ പറയുന്നു. ബി.ജെ.പി 141, ശിവസേന- 102, കോൺഗ്രസ്- 41, എൻ.സി.പി- 22 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ സീറ്റുനില.


ബി.ജെ.പി മഹാരാഷ്ട്രയും ഹരിയാനയും തൂത്തുവാരുമെന്നാണ് ടൈംസ് നൗ സ‌ർവേ പറയുന്നത്. ഹരിയാനയിൽ ബി.ജെ.പിക്ക് 71 സീറ്റ് വരെ ലഭിക്കും. മഹാരാഷ്ട്രയിൽ ബി.ജെ.പി ശിവസേന സഖ്യം 166 മുതൽ 194 സീറ്റ് വരെ നേടും

ജൻ കി ബാത് സർവേ പ്രകാരം ഹരിയാനയിൽ ബി.ജെ.പിക്ക് 52 മുതൽ 53 വരെ സീറ്റുകൾ ലഭിക്കും.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാര തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. നേരത്തെ വന്ന എക്‌സിറ്റ് പോളുകളിൽ ബി.ജെ.പി ഭൂരിപക്ഷത്തോടെ അധികാരം നേടുമെന്ന് പ്രചവിച്ചിരുന്നു. ദുർബലമായ പ്രതിപക്ഷമാണ് ഇത്തവണ ഉണ്ടായിരുന്നത്. മഹാരാഷ്ട്രയിൽ ഗാന്ധി കുടുംബത്തിൽ നിന്ന് പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രചാരണത്തിനെത്താത്തത് കോൺഗ്രസിനെ ബാധിച്ചെന്നാണ് സർവേകൾ ചൂണ്ടിക്കാണിച്ചത്. ഹരിയാനയില്‍ ഇത് വിഭാഗീയതയിലേക്കാണ് മാറിയത്. 2014ലെ നിയമസഭാ തിഞ്ഞെടുപ്പിൽ ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇത്തവണ സംസ്ഥാനത്ത് 75 സീറ്റുകളിൽ വിജയം നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം