afeel

കോട്ടയം: അഫീൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ 17 ദിവസവും ന്യൂറോ വിഭാഗത്തിന്റെ 23 -ാം നമ്പർ ഐ.സി.യുവിനു മുന്നിൽ ആ മാതാപിതാക്കൾ പ്രാർത്ഥനയിലായിരുന്നു. പക്ഷേ, ഇന്നലെ ആ പ്രാർത്ഥനകളെല്ലാം വിഫലമാക്കി അഫീൽ മടങ്ങി. അവസാനമായി മകന്റെ മുഖം ഒന്നു കാണാനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയുടെ മുന്നിലെത്തിയ മാതാവ് ഡാർളി ചങ്കുപൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ അമ്മയുടെ വേദന ശമിപ്പിക്കാൻ അവർക്കു വാക്കുകളുണ്ടായിരുന്നില്ല. പിതാവ് ജോൺസണാകട്ടെ, വിങ്ങിപ്പൊട്ടിയ മുഖവും, മിടിക്കുന്ന നെഞ്ചുമായി നിൽക്കുകയായിരുന്നു. മകന്റെ ചേതനയറ്റ മുഖം കണ്ടതോടെ സങ്കടക്കടൽ പോലെ ആർത്തലച്ചു. ഒപ്പം നിന്നവരുടെയും നെഞ്ചകം നീറ്റുന്നതായിരുന്നു ആ കാഴ്ച.

അഫീലിന് അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒക്‌ടോബർ നാലിന് വൈകിട്ട് മുതൽ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിനു മുന്നിലും ട്രോമോ ഐ.സി.യുവിനു മുന്നിലും ഏറ്റവും ഒടുവിൽ ന്യൂറോ ഐ.സി.യുവിനു മുന്നിലും മാറി മാറി കാത്തു നിന്നു. ഒടുവിൽ അഫീൽ മടങ്ങിവരുമെന്ന പ്രതീക്ഷയെല്ലാം വെറുതേയായി.