തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞടുപ്പിൽ മഞ്ചേശ്വരത്ത് യു.ഡി.എഫ് വിജയിക്കുമെന്ന് മനോരമ ന്യൂസ് കാർവി എക്സിറ്റ് പോൾ ഫലം. യു.ഡി.എഫ് സ്ഥാനാർഥി 36% വോട്ട് നേടി മുന്നിലെത്തുമെന്ന് സർവെ ഫലം വ്യക്തമാക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് എൽ.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. 31% വോട്ടാണ് ഇരുവർക്കും ലഭിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ട എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി.
കഴിഞ്ഞ തവണ ബി.ജെ.പി നേടിയ വോട്ടിൽ നിന്ന് 4.8% കുറവാണ് ഇപ്രാവശ്യം ലഭിച്ചത്. എം.സി.ഖമറുദ്ദീൻ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും അദ്ധ്യാപകനും യക്ഷഗാന കലാകാരനുമായ ശങ്കർ റൈ ആണ് എൽഡി.എഫ് സ്ഥാനാർത്ഥി. നിയമസഭയിലേക്ക് ആദ്യമായാണ് ശങ്കർ റൈ മത്സരിക്കുന്നത്. രവീശ തന്ത്രി കുണ്ഠാർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി പരാജയപ്പെട്ടത്.
എറണാകുളത്ത് പോളിങ്ങ് വലിയ തോതിൽ കുറഞ്ഞെങ്കിലും 55% വോട്ടോടെ മണ്ഡലം യു.ഡി.എഫ് നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് 30%, ബിജെപി 12% വോട്ടുകൾ നേടും. 2016ലേതിനെക്കാൾ യു.ഡി.ഫിന് 3% വോട്ട് കൂടുമെന്നും എൽ.ഡി.എഫിന് 2.45% വോട്ടുകൾ കുറയുമെന്നും ഫലം പ്രചവിക്കുന്നു. അരൂരിൽ ഫോട്ടോഫിനിഷിങ്ങാണെന്നാണ് ഫലം പറയുന്നത്. എൽ.ഡി.എഫ് 44%, യുഡിഎഫ് 43%, ബി.ജെ.പി 11% എന്നിങ്ങനെയാണ് വോട്ടിങ് നില. യു.ഡി.എഫ് നില മെച്ചപ്പെടുത്തുകയും ചെയ്യും