kerala-

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി തുടരുന്നതിനാലും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രഫഷണൽ കോളേജ് ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് കളക്ടറുടെ അറിയിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.

മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.

എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിൽ പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നേരത്തെ അവദി പ്രഖ്യാപിച്ചിരുന്നു. എം.ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി. അതിതീവ്ര മഴയ്ക്കു സാധ്യതയുമായി നാളെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റെഡ് അലർട്ട് ജില്ലകളിൽ നിലവിലുണ്ട്. സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും റെഡ് അലർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.