തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് മാതൃഭൂമി - ജിയോവൈഡ് എക്‌സിറ്റ് പോൾ സർവേഫലം. സി.പി.എമ്മിന്റെ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടുമെന്ന് സർവേ പറയുന്നു.
വി.കെ. പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോൾ യു.ഡി.എഫിന്റെ കെ.മോഹൻകുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ. അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബി.ജെ.പി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.
അരൂരിൽ നേരിയവ്യത്യാസത്തിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് ലഭിക്കുന്നത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 43 ശതമാനം വോട്ടും സർവേ പ്രവചിക്കുന്നു. അതേ സമയം ബി.ജെ.പിക്ക് 11 ശതമാനമായി വോട്ട് ചുരുങ്ങുമെന്നും സർവേ പറയുന്നു.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം. സി കമറുദ്ദീൻ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ബി.ജെ.പി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സി.പി.എമ്മിന്റെ ശങ്കർ റൈയ്ക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. എൻ.ഡി.എ 15 ശതമാനം വോട്ട് നേടിയേക്കാമെന്നാണ് സര്‍വെയുടെ പ്രവചനം.
കോന്നിയിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യു.ഡി.എഫ് തന്നെ ജയിക്കുമെന്നും എക്സിറ്റ് പോൾ പറയുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി പി. മോഹൻരാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ 39 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് ലഭിക്കാവുന്നത്. അതേസമയം ബി.ജെ.പിക്കും കെ.സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സര്‍വെ പറയുന്നത്. 19 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.