ആലുവ: ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് സൗത്ത് ആഫ്രിക്കയിലെ ഏറ്റവും ഉയരമേറിയ കിളിമഞ്ചാരോ പർവതം കീഴടക്കി തിരിച്ചെത്തിയ മലയാളി യുവാവ് നീരജ് ജോർജ് ബേബിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം.
ഇന്നലെ രാവിലെ 9.45 ന് ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലാണ് നീരജ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ടാസ് റോഡ് റെസിഡന്റ്സ് അസോസിയേഷൻ, ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ, ഹൈറോഡ്റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്പ് .വാർഡ് കൗൺസിലറായ സെബി വി. ബാസ്റ്റ്യനാണ് സ്വീകരിക്കാനെത്തിയഏക ജനപ്രതിനിധി.എം.പി മാരും എം. എൽ. എമാരും മാത്രമല്ലനഗരസഭ അദ്ധ്യക്ഷയുംഎത്തിയില്ല. .
പൂവണിഞ്ഞത് സ്വപ്നം
ഭൂനിരപ്പിൽ നിന്നും 19,343 അടി ഉയരമുള്ള സൗത്ത് ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടിമുടി കീഴടക്കിയതോടെ സ്വപ്നം യാഥാർത്ഥ്യമായെന്ന് നീരജ് ജോർജ് ബേബി (32) പറഞ്ഞു.
ആശങ്കയും ആകാംക്ഷയും നിറഞ്ഞതായിരുന്നു ഏഴ് ദിവസം നീണ്ടുനിന്ന യാത്ര. ഏഴാം തീയതിയാണ് ബംഗ്ളൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ സുഹൃത്ത് ബിനോയിക്കൊപ്പം നെടുമ്പാശേരിയിൽ നിന്നും യാത്ര തിരിച്ചത്. പിന്നീട് നാല് സുഹൃത്തുക്കൾഉൾപ്പെടെആറംഗ സംഘം പത്താം തീയതിയാണ്
താൻസാനിയയിലെ കിളിമഞ്ചാരോ ലക്ഷ്യമാക്കി നടന്നത്. സുഹൃത്തുക്കൾ മുന്നിൽ നടന്ന ശേഷം ഇട്ട് നൽകിയ വടത്തിന്റെ സഹായത്തോടെയാണ് ചെങ്കുത്തായ കുന്നിലേക്ക് ഒറ്റക്കാലിൽ നീരജ് പിച്ചവച്ചുകയറിയത്. രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ലക്ഷ്യ സ്ഥാനത്തെത്താൻ അഞ്ച് ദിവസമെടുത്തു. തിരിച്ചിറങ്ങാൻ രണ്ട് ദിവസവും.
കൃത്രിമക്കാൽ ഇല്ലാതെ ക്രച്ചസ് ഉപയോഗിച്ചാണ് നീരജ് കൊടുമുടി കയറിയത്. ലഗേജുകൾ പിടിക്കുന്നതിനും വഴികാട്ടുന്നതിനുമായി നാട്ടുകാരായ രണ്ട് പേരെ കൂടെകൂട്ടി.ഇവരാണ് രാത്രി തലചായ്ക്കുന്നതിനായി താത്കാലിക ടെന്റുകൾകെട്ടി നൽകിയത്. എട്ടാം വയസിൽ കാൻസർ ബാധിച്ച് ഇടതുകാൽ നഷ്ടമായിട്ടും നീരജ് തളർന്നില്ല. നേരത്തെ വനത്തിലൂടെ കൊടൈക്കനാലിൽ നിന്നും മൂന്നാറിലേക്കും നീരജ് സാഹസിക യാത്ര ചെയ്തിട്ടുണ്ട്.സുഹൃത്തുക്കളായ ചാന്ദ്‌നി അലക്‌സ്, സിജോ, അഖില, പോൾ എന്നിവർക്കൊപ്പമായിരുന്നു നീരജിന്റെ യാത്ര.