മഴക്കാലം തുടങ്ങിയാൽ വീടുകളിലും പരിസരത്തും ഏറ്റവുംകൂടുതൽ പേടിക്കേണ്ടവയാണ് പാമ്പുകൾ. മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ചപ്പുചവറുകൾ കൂടിക്കിടക്കുന്നതും പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
പാമ്പിനെ പേടിക്കാതെ കഴിയാൻ വീടുകളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.
ഷൂവിനുള്ളിൽ
മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളിൽ പലതും ഷൂവിനുള്ളിൽ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഷൂ എടുക്കുന്നതിന് മുമ്പ് നന്നായി കുടഞ്ഞ് അവയുടെ അകം പരിശോധിച്ച ശേഷം ഇടുന്നത് അപകടം ഒഴിവാക്കും..
വാഹനങ്ങളിൽ
വാഹനങ്ങളും മഴക്കാലത്ത് അഭയകേന്ദ്രമാക്കാറുണ്ട്. സ്‌കൂട്ടറിലും കാറിലുമൊക്കെ കയറിയിരിക്കുന്ന പാമ്പുകളെ പലപ്പോഴും പെട്ടെന്ന് ശ്രദ്ധിക്കാൻ കഴിയില്ല. വണ്ടി ധൃതിയില്‍ എടുത്തു പോകുംമുമ്പ് ന്നായി പരിശോധിച്ചതിനു ശേഷം മാത്രം കയറിയിരിക്കാം.
മുറ്റവും പരിസരവും വൃത്തിയാക്കുക
ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ പാമ്പിനെ തടയാം. പാമ്പിന് വസിക്കാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ളാസ്റ്റിക്ക് ഉത്പന്നങ്ങൾ, വൈക്കോൽ തുടങ്ങി പാമ്പിന് കയറി ഇരിക്കാൻ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.
ചെടികളിൽ
ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ടുമുറ്റത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാൻ അവസരമൊരുക്കരുത്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വെള്ളം കെട്ടിനിൽക്കുന്നത് തടയുക
വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനിൽക്കാന്‍ അനുവദിയ്ക്കരുത്. പൊതുവെ വെള്ളത്തിന്റെ സാന്നിദ്ധ്യം പാമ്പിനെ ആകർഷിക്കുന്നതാണ്. ചില പാമ്പുകൾവെള്ളത്തിൽ തന്നെ ജീവിക്കുന്നതാണ്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലൊ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനിൽക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്.
വളർത്തുമൃഗങ്ങൾ
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകൾ വരുന്നത് പതിവാണ്. വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.
പൊത്തുകൾ അടയ്ക്കുക
വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകൾ അടയ്ക്കുക. പൊത്തുകൾ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
മുറ്റത്തിനു സംരക്ഷണ വേലി തീർക്കുക
മുറ്റത്തിനും അടുക്കളത്തോട്ടത്തിനും ചുറ്റും സംരക്ഷണ വേലി കെട്ടുന്നത് പാമ്പുകൾ ഇഴഞ്ഞ് പുരയിടത്തിൽ എത്തുന്നതിൽ നിന്നും തടയും.