ഇന്ത്യ –പാക്കിസ്ഥാൻ ബന്ധം സംഘർഷത്തിന്റെ നിഴലിൽ കടന്നുപോകുമ്പോഴും ഒരു യുവ പാക്കിസ്ഥാനി എഴുത്തുകാരിയുടെ നോവലിൽ നിറഞ്ഞുനിൽക്കുന്നത് ഇന്ത്യൻ സംസ്കാരം. പ്രത്യേകിച്ചും ഇന്ത്യൻ സിനിമയുടെ തലസ്ഥാനമെന്ന് പറയാവുന്ന ബോളിവുഡ്. യുവ പാകിസ്ഥാനി എഴുത്തുകാരിൽ ശ്രദ്ധേയയായ ഫാത്തിമ ഭൂട്ടോയുടെ പുതിയ നോവലിലാണ് ഇന്ത്യൻ സംസ്കാരം അടിമുടി നിറഞ്ഞുനിൽക്കുന്നത്. എന്നാൽ ഇന്ത്യയുടെയും പാകിസ്ഥാനുമല്ല നോവലിന്റെ പശ്ചാത്തലം. പെറുവാണ് ഫാത്തിമ ഭൂട്ടോ ന്യൂ കിങ്സ് ഓഫ് ദ് വേൾഡ് എന്ന തന്റെ നോവലിന് പശ്ചാത്തലമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ അനന്തരവളാണ് ഫാത്തിമ ഭൂട്ടോ. മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ കൊച്ചുമകളും മുർതാസ ഭൂട്ടോയുടെ മകളും. കാബൂളിൽ ജനിച്ച ഫാത്തിമ വളർന്നത് സിറിയയിൽ. വിദ്യാഭ്യാസം അമേരിക്കയിലും ഇംഗ്ലണ്ടിലും. 37കാരിയായ ഫാത്തിമ ബേനസീർ ഭൂട്ടോയുടെ കടുത്ത വിമർശകയായും അറിയപ്പെടുന്നു.
ബേനസീർ അധികാരം കയ്യാളിയ കാലത്ത് 1996ൽ ആയിരുന്നു ഫാത്തിമയുടെ പിതാവ് മുർതാസയുടെ മരണം. കുട്ടിക്കാലം മുതലേ ജനിച്ചുവളർന്നയിടം വിട്ട് മറ്റു രാജ്യങ്ങളിലും പ്രവാസിയായും ജീവിച്ച ഫാത്തിമയുടെ മനസിൽ ഇനിയും ഉണങ്ങാത്ത മുറിവുകളുണ്ട്, പലായനത്തിന്റെ വേദനയുണ്ട്, സംഘർഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഇനിയും അവസാനിക്കാത്ത പോരാട്ടങ്ങളുടെയും ഉണങ്ങാത്ത ചോരപ്പാടുകളുമുണ്ട്. പാക്കിസ്ഥാൻ രാഷ്ട്രീയത്തെക്കുറിച്ച് ഒരു നോവൽ തന്നെ ഫാത്തിമ എഴുതിയിട്ടുമുണ്ട്– 2010 ൽ പ്രസിദ്ധീകരിച്ച സോങ്സ് ഓഫ് ബ്ലഡ് ആൻഡ് സ്വോർഡ്.
15–ാം വയസ്സിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു ഫാത്തിമ– വിസ്പേഴ്സ് ഓഫ് ദ് ഡെസേർട്. രണ്ടാമത്തെ പുസ്തകത്തിന്റെ പേര് 8.50. കാശ്മീരിലെ ഭൂചലനമായിരുന്നു പ്രമേയം. 2013ലായിരുന്നു ആദ്യനോവൽ പിറന്നത്. ദി ഷാഡോ ഓഫ് ദ് ക്രസന്റ് മൂൺ. ഈ വർഷം ആദ്യം രണ്ടാമത്തെ നോവൽ പുറത്തുവന്നു– ദ റൺഎവേയ്സ്. ഇപ്പോഴിതാ ഇന്ത്യയുമായി സാംസ്കാരികമായി ഏറ്റവുമടുത്തുനിൽക്കുന്ന നോവൽ– ന്യൂ കിങ്സ് ഓഫ് ദ് വേൾഡ്.
ഔദ്യോഗിക കണക്കനുസരിച്ച് 500 ൽ താഴെ മാത്രമാണ് പെറുവിലെ ഇന്ത്യൻ വംശജരുടെ സംഖ്യ. ബോളിവുഡ് സിനിമകൾക്ക് പെറുവിൽ ആരാധകരേറെയാണ്. ഷാരൂഖ് ഖാനും മാധുരി ദീക്ഷിതുമെല്ലാം ഇഷ്ടതാരങ്ങൾ. 1950–കളുടെ തുടക്കത്തിലാണ് ഈ വിചിത്രമായ സിനിമാ ബന്ധം തുടങ്ങുന്നത്. 1954ൽ ബൂട്ട് പോളിഷും 57ലെ മദർ ഇന്ത്യയും റിലീസ് ചെയ്തതോടെ പെറുവിന്റെ ഹൃദയത്തിലിടും നേടുകയായിരുന്നു ബോളിവുഡ്. പിന്നീട് കാലാകാലങ്ങളിൽ ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾപെറുവിലുമെത്തി. ബോളിവുഡ് പാട്ടുകളും നൃത്തചലനങ്ങളും ഹിറ്റായി. ഇന്നും ആ നാട്ടിലെ ജനം മൂളിനടക്കുന്നത് ഇന്ത്യൻ സിനിമാ ഗാനങ്ങൾ. .
സിനിമാറ്റിക് നൃത്തം പഠിപ്പിക്കുന്ന ഒരു യുവതിയാണ് ന്യൂ കിങ്സ് ഓഫ് ദ് വേൾഡിലെ നായിക. ഒരു സിനിമ പോലെ ആസ്വദിക്കാവുന്നതാണ് നോവലിന്റെ പ്രമേയവും.