തിരുവനന്തപുരം: തങ്ങളുടെ പ്രതിനിധി ആരാകണമെന്ന് വട്ടിയൂർക്കാവ് വിധി എഴുതി. തകർത്തു പെയ്ത മഴയ്ക്കും തകർപ്പൻ പ്രചാരണത്തിനും ഒടുവിൽ ഉറച്ച മനസോടെയാണ് വോട്ടർമാർ ബൂത്തുകളിലെത്തിയത്. മഴ പെയ്തിറങ്ങിയ ആദ്യ രണ്ടര മണിക്കൂറിൽ മടിച്ചു നിൽക്കാതെ വോട്ടു ചെയ്യാനെത്തിയവരിലേറെയും യുവാക്കളായിരുന്നു.
പതിയെ തുടങ്ങി ആർത്തലച്ച് പെയ്ത് ഇടയ്ക്കൊന്നു കുറഞ്ഞു പിന്നെയും കനക്കുന്ന മഴയുടെ സ്വഭാവമായിരുന്നു ഉപതിരഞ്ഞെടുപ്പിനും. പക്ഷേ, ഇന്നലെ പെയ്തിറങ്ങിയത് എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിക്കുന്ന മഴയായി പോയി എന്നു മാത്രം.
തുലാവർഷത്തിന്റെ മട്ടുംഭാവവും ഒക്കെ കണക്കു കൂട്ടി മൂന്നു മുന്നണിയിൽ പെട്ടവരും അവരുടെ പ്രവർത്തകരോടു തലേന്നു പറഞ്ഞതിന്റെ ചുരുക്കം- പരമാവധി നമ്മുടെ വോട്ടുകൾ എല്ലാം ഉച്ചയ്ക്കു മുമ്പ് ചെയ്യിക്കണം. മൂന്നു കഴിഞ്ഞാൽ മഴയായിരിക്കും. ആ ഒരുക്കം മഴ രാവിലെ തന്നെ പൊളിച്ചു. ഞായറാഴ്ച പാതിരാ കഴിഞ്ഞ് തുടങ്ങിയ മഴ ഇന്നലെ രാവിലെയായപ്പോൾ ഉഗ്രനായിട്ടങ്ങ് പെയ്തു. പ്രവർത്തകർ പോളിംഗ് ബൂത്തിനടുത്ത് കെട്ടാനായി ഒരുക്കിയിരുന്ന പോസ്റ്ററുകളൊക്കെ നനഞ്ഞ് കീറിപ്പോയി.
രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയെങ്കിലും കുറച്ചുപേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. മിക്ക ബൂത്തുകളിലും പോളിംഗ് ഓഫീസർമാർ വോട്ടർമാരെ കാത്തിരുന്നു ബോറടിച്ചു. ഒൻപതരയോടെയാണ് മഴ ശമിക്കുന്നതിന്റെ ലക്ഷണം കാണിച്ചത്. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം എന്ന മുന്നറിയിപ്പായി കാർമേഘങ്ങൾ അവശേഷിച്ചു.
മഴ ശക്തമായി നിന്നപ്പോൾ സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നെഞ്ചിലാണ് ഇടിവെട്ടിയത്. തങ്ങൾക്കനുകൂലമായി വോട്ടു ചെയ്യാൻ സാദ്ധ്യതയുള്ളവർ വീട്ടിൽ തന്നെ ഇരുന്നു കളയുമോ എന്ന പേടി. പത്തരയോടെയാണ് പോളിംഗിന് ജീവൻ വച്ചത്. പതിനൊന്നോടെ പോളിംഗ് തിരക്കേറി. ബാർട്ടൺഹിൽ എൻജി. കോളേജ്, പട്ടം ജി.എച്ച്.എസ്.എസ്, കുടപ്പനക്കുന്ന് യു.പി.എസ്, വട്ടിയൂർക്കാവ് പോളിടെക്നിക്, കുന്നുകുഴി യു.പി.എസ് എന്നിവിടങ്ങളിലെല്ലാം ക്യൂ നീണ്ടു. ഒന്നായപ്പോഴേക്കും ക്യൂവിന്റെ നീളം കുറഞ്ഞു. മൂന്നേകാലോടെ ചില സ്ഥലങ്ങളിൽ മഴ ഒന്നു ചാറ്റിയപ്പോൾ വോട്ടർമാരുടെ വരവ് കൂടി.
വൈകിട്ട് അഞ്ചായപ്പോഴേക്കും പോളിംഗ് 60 ശതമാനം കടന്നു. അഞ്ചരയ്ക്കു ശേഷം പോളിംഗ് സ്റ്റേഷനിലേക്കുള്ള വോട്ടർമാരുടെ വരവ് കുറഞ്ഞു. ഇനിയുള്ള ദിവസങ്ങൾ ആകാംക്ഷയുടേതാണ്. 24ന് ഫലം വരുന്നതുവരെ അതു തുടരും.
വോട്ടു ചെയ്യാൻ കുട്ടികളെ ഒക്കത്തേറ്റി
കുഞ്ഞുങ്ങളെ ഒക്കത്തേറ്റി വോട്ടു ചെയ്യാൻ എത്തുന്ന മാതാപിതാക്കളെ മിക്ക ബൂത്തുകളിലും കാണാമായിരുന്നു. അമ്മയ്ക്കും അച്ഛനും ഒപ്പം പോളിംഗ് ബൂത്തുകളിലേക്കു പോകാൻ കുട്ടികളും കൂടുകയായിരുന്നു. 'കുട്ടികൾക്കിന്ന് സ്കൂളിൽ പോകണ്ട, വീട്ടിൽ ഒറ്റയ്ക്കു നിറുത്തിയിട്ട് വരാൻ കഴിയില്ലല്ലോ'- നഗരത്തിലെ അണുകുടുംബങ്ങളിലെ പരിമിതി ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്താനെത്തിയ ജയലാൽ തുറന്നു പറഞ്ഞു.
അമ്മൂമ്മയ്ക്കൊപ്പം പോളിംഗ് ബൂത്തുകളിലെത്തിയ കുട്ടികളും ഉണ്ടായിരുന്നു. ചിലർ പ്രായമായ മുത്തച്ഛനും മുത്തശ്ശിക്കും സഹായിയായി എത്തിയവരായിരുന്നു.
വെള്ളംപൊങ്ങി; സ്ഥാനാർത്ഥികൾ ഓടിയെത്തി
ശക്തമായ മഴയിൽ വെള്ളം കയറിയ ഗൗരീശപട്ടം ബണ്ട് റോഡിലേക്ക് എന്തു സഹായത്തിനും സന്നദ്ധമായി സ്ഥാനാർത്ഥികൾ ഓടിയെത്തി. തേക്കുംമൂട്, മുളവന പാലങ്ങൾ നിറഞ്ഞ് മഴവെള്ളമെത്തിയെങ്കിലും സമീപത്തെ കോളനിയിലെ വീടുകളിലേക്ക് വെള്ളം കയറിയിരുന്നില്ല. മഴ കുറച്ചു നേരം കൂടി നീണ്ടു നിന്നിരുന്നുവെങ്കിൽ സ്ഥിതിഗതികൾ രൂക്ഷമാകുമായിരുന്നു. കെ. മോഹൻകുമാറാണ് ആദ്യം എത്തിയത്. പിന്നാലെ വി.കെ. പ്രശാന്തും എസ്. സുരേഷും സ്ഥലത്തെത്തി.
സ്റ്റിക്കറുമായി ആട്ടോറിക്ഷ, വലിച്ചു കീറി പൊലീസ്
കുടപ്പനക്കുന്ന് ഉൾപ്പെടെയുള്ള ചില ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ടു ചെയ്തിരുന്നില്ല. ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ ബൂത്തിന്റെ പടിവരെ വോട്ടർമാരുമായി ആട്ടോറിക്ഷകൾക്ക് എത്താമായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ള വോട്ടർമാർക്ക് വോട്ടു ചെയ്ത ശേഷം കാൽ നീട്ടി ആട്ടോയ്ക്കു അകത്തു വച്ചാൽ മതി വീട്ടിലേക്കു പോകാം. 12.30ന് പട്ടത്തെ ഒരു ബൂത്തിൽ ഒരു സ്ഥാനാർത്ഥിയുടെ ഫോട്ടോ പതിച്ച സ്റ്റിക്കറുമായി ഒരു ആട്ടോറിക്ഷ വന്നു. എതിർ സ്ഥാനാർത്ഥിയുടെ പ്രവർത്തകർ ബഹളമുണ്ടാക്കി. പൊലീസ് എത്തി സ്റ്റിക്കർ വലിച്ചു കീറി കളഞ്ഞപ്പോഴാണ് ആ പ്രശ്നം സോൾവായത്.
ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ
യുവാക്കൾ എൽ.ഡി.എഫിന് അനുകൂലമായാണ് വോട്ടു ചെയ്തത്. എൻ.എസ്.എസ് യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചത് ബാധിക്കില്ല. ഇത്തവണ വിജയം എൽ.ഡി.എഫിനു തന്നെ ഉറപ്പ്. - വി.കെ. പ്രശാന്ത്, എൽ.ഡി.എഫ് സ്ഥാനാർത്ഥി
മഴയത്തും ആവേശത്തോടെ വോട്ട് ചെയ്യാനെത്തിയത് കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാക്കും. യു.ഡി.എഫിനു കിട്ടേണ്ട വോട്ടെല്ലാം കിട്ടിയിട്ടുണ്ട്. വിജയപ്രതീക്ഷ ഇരട്ടിച്ചു. - കെ. മോഹൻകുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി
മഴയൊന്നും വട്ടിയൂർക്കാവിലെ വോട്ടർമാർ പ്രശ്നമാക്കിയിട്ടില്ല. ഇത്തവണ എൻ.ഡി.എ ജയിക്കും. വട്ടിയൂർക്കാവിൽ ചരിത്ര വിജയം നേടാൻ കഴിയും.- എസ്. സുരേഷ്, എൻ.ഡി.എ സ്ഥാനാർത്ഥി