തിരുവനന്തപുരം: പുലർച്ചെ മുതൽ ശക്തമായ മഴയായിരുന്നുവെങ്കിലും നേതാക്കളും സിനിമാതാരങ്ങളുമടക്കം മണ്ഡലത്തിലെ പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുമ്പ് തന്നെ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി.
നടൻ ഇന്ദ്രൻസായിരുന്നു വോട്ട് ചെയ്ത പ്രമുഖരിൽ ആദ്യത്തെയാൾ. ഷൂട്ടിംഗ് തിരക്കിലായിരുന്നതിനാൽ മഴ വകവയ്ക്കാതെ രാവിലെ 7.15ന് തന്നെ കുമാരപുരം യു.പി.എസിലെ 155-ാം നമ്പർ ബൂത്തിൽ എത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
സംവിധായകൻ ഷാജി കൈലാസും ഭാര്യ ആനിയും സാൽവേഷൻ ആർമി എച്ച്.എസ്.എസിൽ രാവിലെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നടന്മാരായ കൊച്ചുപ്രേമനും നെടുമുടി വേണുവും വലിയവിള വിദ്യാധിരാജ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കാഞ്ഞിരംപാറ ഗവ. ലോവർ പ്രൈമറി സ്കൂളിലും സുധീർ കരമന പേരൂർക്കട ക്ഷേത്രപ്രവേശന വിളംബര സ്മാരക യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തിയപ്പോൾ സുരേഷ് ഗോപി എം.പി ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിൽ വോട്ട് ചെയ്തു. നടൻ മധു കണ്ണമ്മൂല എൽ.പി സ്കൂളിലെ 167-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ഉച്ചയ്ക്ക് ശേഷമാണ് മധു വോട്ട് ചെയ്യാനെത്തിയത്.
ജവഹർനഗർ എൽ.പി.എസിലെ 83-ാം നമ്പർ ബൂത്തിൽ രാവിലെ 7.30ന് തന്നെ കെ. മുരളീധരൻ എം.പി വോട്ട് രേഖപ്പെടുത്തി. ഈ സ്കൂളിലെ 84-ാം നമ്പർ ബൂത്തിലാണ് നിർമ്മാതാവ് രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും വോട്ട് ചെയ്തത്.
കുന്നുകുഴി ഗവ. യു.പി സ്കൂളിലെ 164-ാം നമ്പർ ബൂത്തിൽ രാവിലെ 10ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ വി.എം. സുധീരനും കുടുംബവും വോട്ട് ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ശാസ്തമംഗലം ആർ.കെ.ഡി എൻ.എസ്.എസ് സ്കൂളിലെ ബൂത്ത് നമ്പർ 94ൽ വോട്ട് രേഖപ്പെടുത്തി. ഇതേ സ്കൂളിലെ ബൂത്ത് നമ്പർ 95ലാണ് കെ.എസ്. ശബരീനാഥൻ എം.എൽ.എയും ഭാര്യ ദിവ്യ എസ്. അയ്യരും വോട്ട് ചെയ്തത്. വി.എസ്. ശിവകുമാർ എം.എൽ.എ കുടുംബസമേതം 95-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറും ഗവ. സിറ്റി വി.എച്ച്.എസ്.എസ് വികാസ്ഭവനിലെ 161-ാം ബൂത്തിൽ വോട്ട് ചെയ്തു.