തിരുവനന്തപുരം : നടക്കാൻ ഊന്നുവടി വേണം, ഉച്ചത്തിൽ സംസാരിക്കാൻ വയ്യ. പക്ഷേ തിരഞ്ഞെടുപ്പെന്നു കേട്ടാൽ സരോജിനി ഭാസ്കറിന് എന്നും ആവേശമാണ്. പ്രായം 91പിന്നിട്ടെങ്കിലും ആവേശത്തിന് തെല്ലും കുറവില്ല. തികഞ്ഞ കോൺഗ്രസ് പ്രവർത്തകയായ സരോജിനി എല്ലാ തിരഞ്ഞെടുപ്പിലും കൃത്യമായി രാവിലെ തന്നെ വോട്ടവകാശം വിനിയോഗിക്കും. ഇന്നലെയും പതിവ് തെറ്റിയില്ല. പേരൂർക്കട സ്വദേശിയായ സരോജിനിയമ്മ പെരുംമഴയാണെങ്കിലും രാവിലെ മുതൽ കുളിച്ചൊരുങ്ങി ഖദർ സാരിയുടുത്ത് പോളിംഗ് ബൂത്തിലെത്താൻ തയ്യാറായിരുന്നു.
മഴമാറിയതോടെ പാർട്ടി പ്രവർത്തകനായ മണ്ണാമ്മൂല രാജേഷ് സരോജിനി അമ്മയുടെ വീട്ടിലെത്തി കൊച്ചുമകൾ മാളുവിനൊപ്പം പ്രായം തളർത്താത്ത ആവേശവുമായി കാറിൽ കയറി നേരെ ഊളൻപാറ ടെംബിൾ എൻട്രി സ്കൂളിലെ 104 -ാം ബൂത്തിലെത്തി. ചാറ്റൽ മഴയെ വകവയ്ക്കാതെ സരോജിനിയമ്മ ബൂത്തിനുള്ളിലേക്ക്. വോട്ടു രേഖപ്പെടുത്തി പുറത്തിറങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് സംശയത്തിനിടയില്ലാതെ പറഞ്ഞു. ഇക്കുറി പ്രചാരണ രംഗത്തും കലാശക്കൊട്ടിനും സജീവമായിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലേറെയായി വട്ടിയൂർക്കാവിന്റെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമാണ് സരോജിനി. 15-ാംവയസു മുതൽ പാർട്ടി പ്രവർത്തകയാണ്.
ആറാം ക്ലാസിലെ പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ കൂട്ടുകാർ തന്ന കോൺഗ്രസിന്റെ കൊടിപിടിച്ചു. ഇതറിഞ്ഞ ജ്യേഷ്ഠൻ തുടർന്ന് പഠിക്കാൻ അനുവദിച്ചില്ല. എന്നാൽ അന്നു പിടിച്ച കൊടി ഉപേക്ഷിക്കാൻ സരോജിനി തയ്യാറായില്ല. 17-ാം വയസിൽ കായംകുളം സ്വദേശി ഭാസ്കരനെ വിവാഹം കഴിച്ചു. ആഗ്രഹം പോലെ ഭർത്താവും തികഞ്ഞ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
ഒരിക്കൽ പേരൂർക്കട വാർഡിൽ നിന്നു കോർപറേഷനിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മഹിളാ കോൺഗ്രസിന്റെ കരുത്തുറ്റ പ്രവർത്തകയായിരുന്നു. നിലവിൽ ഡി.സി.സി അംഗമാണ്. മകൾ സുഷമ മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹിയാണ്. റിട്ട. സബ് ഇൻസ്പെക്ടർ സുരേഷ്, സുഹൃത് എന്നിവരാണ് മറ്റുമക്കൾ.