തിരുവനന്തപുരം: 'മോഹൻകുമാർ ജയിക്കണം. അദ്ദേഹം ജയിക്കാൻ വേണ്ടിയല്ലേ എന്റെ ചേട്ടൻ കഷ്ടപ്പെട്ടു പ്രവർത്തിച്ചത്. വിജയിക്കുമെന്ന് ഉറപ്പുണ്ട്'വട്ടിയൂർക്കാവ് ഗവ.വി.എച്ച്.എസ്.എസ്സിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ വരി നിൽക്കവേ ഗീതാകുമാരി പറഞ്ഞു. കൂടുതലൊന്നും പറയാൻ സാധിക്കാതെ അവർ ഓർമ്മകളിലേക്ക് മടങ്ങി.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധുവിന്റെ ഭാര്യയാണ് ഗീതാകുമാരി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരിക്കുമെങ്കിലും ഭർത്താവിനൊപ്പമാണ് ഗീതാകുമാരി വോട്ട് ചെയ്യാനെത്താറ്. വർഷങ്ങളായുള്ള പതിവ് ഇക്കുറി തെറ്റിയതിലെ വിഷമം മുഖത്തുണ്ട്. രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും ഭർത്താവിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് ഗീതയുടെ മനസ്. മരുമകൾ മീരാദേവിനൊപ്പമാണ് ഗീത വോട്ട് ചെയ്യാനെത്തിയത്. വട്ടിയൂർക്കാവിലെ കാവല്ലൂർ ബൂത്തിലെ കോൺഗ്രസ് പ്രവർത്തകർക്കും ഇത് മധുവണ്ണനില്ലാത്ത തിരഞ്ഞെടുപ്പാണ്. ആ വിഷമം ഉള്ളിലുണ്ടെങ്കിലും ബൂത്തിൽ നിന്ന് പരമാവധി വോട്ടുറപ്പിച്ച് യു.ഡി.എഫിന്റെ വിജയത്തിനായുള്ള പരിശ്രമത്തിലാണവർ.