ഏറ്റവുമധികം പണം ചെലവഴിച്ച് ഇന്ത്യൻ സിനിമയിൽ സീനുകൾ ചിത്രീകരിക്കുന്ന സംവിധായകനാണ് ഷങ്കർ.2.0 എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അടിതെറ്റിയെങ്കിലും അത് ഷങ്കറിന്റെ ആത്മവിശ്വാസത്തിന് ഒരു പോറൽ പോലും ഏല്പിച്ചിട്ടില്ല.ഇപ്പോഴിതാ കമലഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2ലെ ഒരു ഫൈറ്റ് സീനിന് മാത്രം 40 കോടി രൂപയാണ് ഷങ്കർ ചെലവാക്കിയിരിക്കുന്നത്. പ്രശസ്ത ആക് ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ഒരുക്കിയ ഈ സീനിൽ രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചു.
തൊണ്ണൂറ് വയസുള്ള സ്വാതന്ത്ര സമരസേനാനിയായാണ് കമലഹാസൻ ഇന്ത്യൻ 2വിൽ എത്തുന്നത്. അത്രയും പ്രായമുള്ള ഒരാൾക്ക് സ്റ്റണ്ട് ഒരുക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് പീറ്റർ ഹെയ്ൻ പറഞ്ഞു.
ബോളിവുഡ് താരം അനിൽ കപൂർ, കാജൽ അഗർവാൾ, രാകുൽ പ്രീത്, സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 200 കോടി ബഡ്ജറ്റിൽ ലൈക പ്രൊഡക് ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.