തന്നെ അപായപ്പെടുത്താൻ സംവിധായകൻ ശ്രീകുമാർ മേനോൻ ശ്രമിക്കുന്നുണ്ടെന്ന് ഡി.ജി.പിക്ക് പരാതി നൽകിയ നടി മഞ്ജു വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. സുഹൃത്തുക്കളായ നിരവധി പേർ കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് മഞ്ജു വാര്യരുടെ സ്വഭാവമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. മഞ്ജു വാര്യർക്കൊപ്പം നിന്നതിന് ഏറെ അപവാദങ്ങൾ കേൾക്കേണ്ടി വന്നെന്നും തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കിയ നേട്ടങ്ങൾ താരം മറന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന മഞ്ജുവിന്റെ കൈയ്യിൽ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് താൻ വച്ചപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറഞ്ഞ് മഞ്ജു തേങ്ങികരഞ്ഞിരുന്നു. എന്നാൽ ഉപകാരസ്മരണ ഇല്ലായ്മയുള്ള 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന സ്വഭാവത്തെക്കുറിച്ച് മഞ്ജുവിന്റെ അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ ശ്രീകുമാർ മേനോൻ എഴുതുന്നു.
മഞ്ജു വാര്യർ തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് അറിഞ്ഞത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കും. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നാണ് പരാതിയിൽ മഞ്ജു ആരോപിച്ചിരിക്കുന്നത്.
തന്റെ ലെറ്റർ ഹെഡും രേഖകളും ശ്രീകുമാർ മേനോൻ ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....
നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേർ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂർണ സ്റ്റുഡിയോയിൽ നമ്മൾ ഒരു നാൾ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് വന്ന നിന്റെ ഒരു ആത്മാർത്ഥസുഹൃത്തിന്റെ ഫോൺകോൾ ഞാൻ ഓർമിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ചു കളഞ്ഞല്ലോ . ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ 😝😝😝 എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു.... കഷ്ട്ടം!!
അതെ, മാത്യു സാമുവൽ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!
കല്യാൺ ജൂവല്ലേഴ്‌സ് തൃശൂർ പോലീസിൽ കൊടുത്ത പരാതിയിലും ഇപ്പോൾ നിങ്ങൾ തിരുവനന്തപുരത്ത് ഡി.ജി.പി ക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമർശിച്ചതിൽ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?
നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികൾ, ഇപ്പോൾ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാൽ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ?
ഈ വാർത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഈ അവസരത്തിൽ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.