തിരുവനന്തപുരം : കഴിഞ്ഞ ദിവസം കേരളത്തിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വട്ടിയൂർക്കാവ്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി എസ്.സുരേഷ്. മണ്ഡലത്തിൽ യു.ഡി.എഫിന്റെ വോട്ടുകൾ എൽ.ഡി.എഫിനായി മറിച്ചു നൽകി, യു.ഡി.എഫിന്റെ ബൂത്തുകൾ നിർജീവമായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
അതേ സമയം വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ തനിക്ക് ആശങ്കയുണ്ടെന്നും സുരേഷ് അഭിപ്രായപ്പെടുന്നു. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി എത്തിയ തനിക്ക് ആദ്യഘട്ടത്തിൽ സ്വീകാര്യത ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അപ്രതീക്ഷിതമായിട്ടായിരുന്നു തന്റെ പേര് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചിലർ തനിക്കെതിരെ പ്രചാരണങ്ങൾ നടത്തി, ഇത്തരം പ്രവർത്തികൾ തനിക്ക് വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം തുറന്ന് പറയുന്നു.
വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. തണുപ്പൻ മട്ടിലാണ് ഇവിടെ പോളിംഗ് പുരോഗമിച്ചത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗിൽ ഏഴ് ശതമാനത്തോളം കുറവാണ് വട്ടിയൂർക്കാവിലുണ്ടായത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 69.34 ശതമാനമായിരുന്നു ഇവിടത്തെ പോളിംഗ്.2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 69.83 ആയിരുന്നു പോളിംഗ്.