കുറവിലങ്ങാട്: പ്രസവ വേദനയുമായെത്തിയ യുവതിക്ക് മുന്നിൽ ആശുപത്രിയുടെ വാതിൽ തുറന്നില്ല, ഒടുവിൽ കുഞ്ഞിന് ജന്മം നൽകിയത് നൂറുമീറ്റർ അകലെയുള്ള ഓട്ടോയിൽ. കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.
തോട്ടുവാ സ്വദേശിയായ വി.സി സജിയുടെ ഭാര്യ വിനീതയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഭാര്യയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ ഞായറാഴ്ച രാത്രി 12 മണിയോടെ സജി ഓട്ടോറിക്ഷ ഡ്രൈവറായ മോനിപ്പള്ളിയിൽ അനിൽകുമാറിനെ സമീപിച്ചു. പാലാ സർക്കാർ ആശുപത്രിയിലേക്ക് പോകണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം.
എന്നാൽ കുറവിലങ്ങാട് സർക്കാർ ആശുപത്രിയുടെ പരിസരത്തെത്തുമ്പോഴേക്ക് യുവതി അവശനിലയിലായി. തുടർന്ന് ആശുപത്രിയിൽ കയറി, ഏറെ നേരം വിളിച്ച ശേഷമാണ് നഴ്സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്. ഇവർ പലതവണ അഭ്യർത്ഥിച്ചിട്ടും രോഗിക്ക് മുന്നിൽ ആശുപത്രിയുടെ വാതിൽ തുറന്നില്ല. പാലായിലേക്ക് കൊണ്ടുപോകാനായിരുന്നു ആശുപത്രി ജീവനക്കാരുടെ നിർദേശം.
ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പാലാ സർക്കാർ ആശുപത്രി ലക്ഷ്യംവച്ച് യാത്ര തിരിച്ചു. എന്നാൽ നൂറ് മീറ്റർ പിന്നിടുംമുമ്പ് യുവതി ഓട്ടോറിക്ഷയുടെ പ്ലാറ്റ്ഫോമിൽ വീഴുകയായിരുന്നു. ഓട്ടോ നിർത്തുമ്പോഴേക്ക് പ്രസവിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവർ ആശുപത്രി വളപ്പിൽ കിടക്കുന്ന 108 ആംബുലൻസിനെ സമീപിച്ചു. ഇതിലെ പുരുഷ നഴ്സിന് പ്രസവ പരിചരണത്തിൽ പരിചയമില്ലായിരുന്നു. ശേഷം വിനീതയേയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. സജിയും വിനീതയും രണ്ട് മക്കളും ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് ഉപജീവനം നയിക്കുന്നത്. കുറുപ്പന്തറ കവലയിലെ കടത്തിണ്ണയിലാണ് അന്തിയുറങ്ങുന്നത്.
അതേസമയം, സംഭവം അറിഞ്ഞയുടൻ ആശുപത്രി സൂപ്രണ്ടിനോട് സംസാരിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് ടി കാപ്പുറം പറഞ്ഞു. ഗൗരവസ്ഥിതി അറിയാൻ സാധിച്ചില്ലെന്നും, പാലായിലാണ് ചികിത്സിക്കുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞതിനാലാണ് അവിടേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതെന്നുമാണ് സൂപ്രണ്ടിന്റെ പ്രതികരണമെന്ന് തോമസ് കൂട്ടിച്ചേർത്തു.